രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരവുമായി മഹാരാഷ്ട്ര സർക്കാർ; പരിഹാസവുമായി ബി.ജെ.പി
text_fieldsമുംബൈ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ മഹാരാഷ്ട്ര പുതിയ അവാർഡ് പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത് ദിവസങ്ങൾ പിന്നിടുന്നതിന് മുേമ്പയാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി. എന്നാൽ സർക്കാറിന്‍റെ നീക്കത്തെ പരിഹസിച്ച് പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി.
ആഗസ്റ്റ് ആറിനാണ് 'രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം' 'മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം' എന്ന് പുനർനാമകരണം ചെയ്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പൗരൻമാർ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വിശദീകരിച്ചത്.
ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്കാരം നൽകുകയെന്ന് ഐ.ടി മന്ത്രി സതേജ് പാട്ടീൽ അറിയിച്ചു.
രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനമായ ആഗസ്റ്റ് 20ന് പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും. വിജയികളെ ഒക്ടോബർ 30നകം മാത്രമേ തെരഞ്ഞെടുക്കൂ എന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഐ.ടി കോർപറേഷനാണ് വിജയികളെ തെരഞ്ഞെടുക്കുക.
രാജീവിന്‍റെ പേരിൽ പുരസ്കാരം നൽകുന്നതിൽ എതിർപ്പില്ലെന്നും 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്നിട്ടും കോൺഗ്രസ് എന്തുകൊണ്ട് അന്ന് പുരസ്കാരം നൽകാതിരുന്നതെന്ന് പ്രതിപക്ഷമായ ബി.ജെ.പി ചോദിക്കുന്നു. ഐ.ടി മേഖലയിൽ രാജീവ് ഗാന്ധിയുടെ സംഭാവനകളെക്കുറിച്ച് ലോകത്തിന് അറിയാമെന്നും രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റാൻ സഹായിച്ച ഐ.ടി യുഗത്തിന് തുടക്കമിട്ട അദ്ദേഹത്തിന്റെ പേരിൽ പുരസ്കാരം നൽകുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പാട്ടീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.