ജീൻസും ടീഷർട്ടും പാടില്ല; സൽവാറും ചുരിദാറും ധരിക്കാം, ഷാൾ നിർബന്ധം -സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. പുതിയ ഡ്രസ് കോഡനുസരിച്ച് അധ്യാപകർ ജീൻസും ടീഷർട്ടും ഡിസൈനുള്ളതും ഇരുണ്ട നിറമുള്ളതുമായ വസ്ത്രങ്ങളും ധരിക്കാൻ പാടില്ല. അധ്യാപികമാർക്ക് സൽവാറും ചുരിദാറും സാരിയും ധരിക്കാം. ചുരിദാറും കുർത്തയും ധരിക്കുമ്പോൾ ദുപ്പട്ട(ഷാൾ) നിർബന്ധമാണ്. അധ്യാപകർക്ക് ഷർട്ടും പാന്റും ധരിക്കാം.
സ്കൂൾ അധ്യാപകർ ധരിക്കുന്ന വസ്‍ത്രങ്ങളിൽ വിദ്യാർഥികൾ ആകൃഷ്ടരാകുമെന്നും അതിനാൽ വസ്‍ത്രധാരണത്തിൽ വളരെയധികം ശ്രദ്ധചെലുത്തണമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്. അനുചിതവും മോശവുമായ വസ്ത്രം ധരിച്ചാൽ അത് വിദ്യാർഥികളെ നെഗറ്റീവായി ബാധിക്കാനും സാധ്യതയുണ്ട്. ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ഒമ്പത് മാർഗനിർദേശങ്ങളാണ് സർക്കുലറിലുള്ളത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.
സർക്കാരിന്റെ ഡ്രസ് കോഡിനെതിരെ ചില അധ്യാപകർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സ്കൂളുകളിലേക്ക് ഉചിതമായ വസ്ത്രം ധരിച്ചുമാത്രമേ അധ്യാപകർ പോകാറുള്ളൂ. സ്കൂളുകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താറുണ്ട്. അതിൽ സർക്കാർ കൈകടത്തേണ്ട ആവശ്യമേയില്ലെന്നാണ് അധ്യാപകർ പറയുന്നത്.
എന്നാൽ ഇത് മാർഗ നിർദേശങ്ങൾ മാത്രമാണെന്നും നിർബന്ധമായ നിയമങ്ങളല്ലെന്നുമാണ് അതിന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ മറുപടി. നിയമം പാലിക്കാത്തവരെ ശിക്ഷിക്കാനൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.