മറാത്ത ക്വാട്ട പ്രശ്നം പരിഹരിക്കാൻ സർക്കാറിന് സമയം നൽകണം- മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
text_fieldsമുബൈ: മറാത്ത ക്വാട്ട പ്രശ്നം പരിഹരിക്കാൻ മഹാരാഷ്ട്ര സർക്കാറിന് സമയം നൽകണമെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സമുദായത്തോട് പ്രതിജ്ഞാബദ്ധമാണെന്നും ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. പാൽഘർ ജില്ലയിലെ ജവഹർ താലൂക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പിന്തുണക്കണമെന്ന് ബവൻകുലെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടു. മറാത്ത സമുദായത്തിന്റെ ആവശ്യങ്ങളെ ബി.ജെ.പി ഉൾപ്പെടെ എല്ലാ പാർട്ടികളും പിന്തുണക്കുന്നുണ്ടെന്ന് ബവൻകുലെ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും മറാത്ത സമുദായത്തിന്റെ ആവശ്യങ്ങളെ പിന്തുണക്കുന്ന സമയത്ത് ചില ഗ്രാമങ്ങളിൽ രാഷ്ട്രീയക്കാരുടെ പ്രവേശനം നിരോധിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.
മറാത്ത സമുദായത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞിരുന്നു. സമുദായത്തിന് സംസ്ഥാന സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് സംവരണം ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 29 മുതലാണ് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
ഇതിനിടെ പ്രതിക്ഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്തംബർ 14-ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സമര വേദിയിൽ വന്ന് മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ജാരങ്കെ നിരാഹാര സമരം അവസാനിപ്പിച്ചത്. സംവരണം ഉറപ്പാക്കാൻ പ്രക്ഷോഭകർ സംസ്ഥാന സർക്കാറിന് ഒരു മാസത്തെ സമയമാണ് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.