മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്; പാൽഘറിൽ 100 സീറ്റുകൾ നേടി സി.പി.എം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 100 സീറ്റുകളും എട്ട് സർപഞ്ചുമാരെയും നേടി സി.പി.എം. പാൽഘർ ജില്ലയിലെ തലസാരി, ദഹാനു താലൂക്കുകളിലെ 13 ഗ്രാമ പഞ്ചായത്തുകളിലായാണ് നേട്ടം. ഈ ഗ്രാമപഞ്ചായത്തുകളിൽ മൊത്തം 167 സീറ്റുകളാണുള്ളത്.
തലസാരിയിൽ അഞ്ചും ദഹാനുവിൽ മൂന്നും സർപഞ്ചുമാർ ജയിച്ചു. ദഹാനു നിയമസഭ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ വിനോദ് നികോളെയാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്നും സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ് പന്തർപുർ ജില്ലയിൽ ആറ് ഗ്രാമ പഞ്ചായത്തുകൾ നേടി. ആദ്യമായാണ് മഹാരാഷ്ട്രയിൽ ബി.ആർ.എസ് സാന്നിധ്യം. 2,359 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി ചിഹ്നമോ പേരൊ ഉപയോഗിച്ചല്ല മത്സരങ്ങൾ.
തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 1,486 സീറ്റുകൾ നേടിയതായി ബി.ജെ.പിയും 1,312 സീറ്റുകൾ നേടിയതായി എം.വി.എ സഖ്യവും അവകാശപ്പെട്ടു. 778 സീറ്റുകൾ നേടിയ തങ്ങളാണ് വലിയ ഒറ്റകക്ഷിയെന്നും അജിത് പവാർ പക്ഷം 407 ഉം ഏക്നാഥ് ഷിൻഡെ പക്ഷം 301 ഉം നേടിയെന്നും ബി.ജെ.പി അവകാശപ്പെട്ടു.
അതേസമയം, പുണെ, ബാരാമതി ജില്ലകളിൽ ശരദ് പവാർ പക്ഷ എൻ.സി.പിയെ അജിത് പവാർ പക്ഷം പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ, അജിത് പക്ഷത്തുള്ള ഹസൻ മുശരിഫ്, ദിലീപ് വൽസെ പാട്ടീൽ എന്നിവർ അവരുടെ ജില്ലകളിൽ തിരിച്ചടി നേരിട്ടതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.