അയോധ്യക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഫോൺ: മുസ്‍ലിം പേരിൽ ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുസ്‍ലിംകളെന്ന വ്യാജേന ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ. ബിലാൽ എന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര സ്വദേശികളായ അനിൽ രാംദാസ് ഘോഡകെ, ഭാര്യ വിദ്യാ സാഗർ ധോത്രേ എന്നിവരാനണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിനാണ് പ്രതി അയോധ്യാ നിവാസിയെ വിളിച്ച് മണിക്കൂറുകൾക്കകം ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെ വെള്ളിയാഴ്ചയാണ് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി നിവാസിയായ ബിലാൽ എന്ന വ്യാജേനയാണ് അനിൽ രാംദാസ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണി മുഴക്കിയത്. ഭാര്യ വിദ്യാ സാഗർ ധോത്രേയും കേസിൽ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വാർത്താകുറിപ്പിൽ പറഞ്ഞു.
ഹിന്ദുക്കളായ ഇരുവരും മുസ്‍ലിംകളായി വേഷം കെട്ടി ആളുകളെ കബളിപ്പിച്ച് പണം സമ്പാദിച്ചതായും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലക്കാരായ പ്രതികൾ സെൻട്രൽ മുംബൈയിലെ ചെമ്പൂർ ഏരിയയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്ന് അയോധ്യ പൊലീസ് സർക്കിൾ ഓഫിസർ ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
പ്രതിയായ അനിൽ രാംദാസ് ഡൽഹി സ്വദേശിയായ ബിലാൽ എന്നയാളുടെ സഹോദരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. എന്നാൽ, അനിൽ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറി. തുടർന്ന് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ അനിലും ഭാര്യയും ശ്രമം നടത്തി. വിഷയം അറിഞ്ഞ ബിലാൽ, ഇവരുമായി വഴക്കിടുകയും തന്റെ സഹോദരിയുടെ കാര്യത്തിൽ ഇടപെടരുതെന്ന് ദമ്പതികളെ താക്കീത് ചെയ്യുകയും ചെയ്തു.
ഇതിനുള്ള പ്രതികാരമായാണ് ബിലാലിന്റെ പേരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കാൻ ഇരുവരും പ്ലാനിട്ടത്. ബിലാലിന്റെ മൊബൈൽ നമ്പറിനോട് സാമ്യമുള്ള പ്രോക്സി നമ്പർ ഉപയോഗിച്ചാണ് ഇൻറർനെറ്റ് കോൾ വിളിച്ചത്. രാമക്ഷേത്രവും ഡൽഹി മെട്രോയും തകർക്കുമെന്നാണ് ദമ്പതികൾ ഭീഷണി മുഴക്കിയത്. സംഭവത്തിൽ ഫെബ്രുവരി രണ്ടിന് രാമജന്മഭൂമി പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ സിങ് ഐപിസി സെക്ഷൻ 507 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ടാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് രണ്ട് ഖുർആൻ, മുസ്‍ലിം തൊപ്പികൾ, ഒമ്പത് മൊബൈൽ ഫോണുകൾ, ആറ് എടിഎം കാർഡുകൾ, 2 ചാർജറുകൾ, ലാപ്‌ടോപ്, ലാപ്‌ടോപ്പ് ചാർജറുകൾ, മൂന്ന് ആധാർ കാർഡുകൾ, നാല് പാൻ കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.