ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ച് തലോജ ജയിൽ അധികൃതർ
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ച് തലോജ ജയിൽ അധികൃതർ. നവംബർ 27ന് ജയിലിൽ വെച്ച് നവ്‌ലാഖയുടെ കണ്ണട കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പുതിയ കണ്ണട ജയിലിലേക്ക് അയച്ചു കൊടുത്തെങ്കിലും അധികൃതർ ഇത് അദ്ദേഹത്തിന് കൈമാറാതെ തിരിച്ചയക്കുകയാണുണ്ടായത്.
70കാരനായ നവ്‌ലാഖക്ക് കണ്ണടയില്ലാതെ കാഴ്ച പ്രയാസകരമാണ്. മൂന്ന് ദിവസത്തെ അഭ്യർഥനക്കൊടുവിലാണ് പുതിയ കണ്ണട വേണമെന്ന ആവശ്യം വീട്ടുകാരെ അറിയിക്കാൻ പോലും ജയിൽ അധികൃതർ തയാറായത്.
കണ്ണട ജയിലിലേക്ക് അയച്ചാൽ കൈമാറാമെന്ന് അധികൃതർ അറിയിച്ചിരുന്നതായി നവ്‌ലാഖയുടെ പങ്കാളി സാഭാ ഹുസൈൻ പറഞ്ഞു. എന്നാൽ, പോസ്റ്റലിലൂടെ അയച്ച കണ്ണട ജയിലിൽ എത്തിയ ശേഷം തിരിച്ചയക്കുകയായിരുന്നു. അദ്ദേഹത്തിന് കണ്ണടയില്ലാതെ കാണാൻ സാധിക്കുന്നില്ലെന്നും രക്തസമ്മർദം വർധിക്കുന്നതായും സാഭാ ഹുസൈൻ പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് നേരത്തെ തലോജ ജയിൽ അധികൃതർ വെള്ളം കുടിക്കാനുള്ള കപ്പും സ്ട്രോയും നിഷേധിച്ചത് വിവാദമായിരുന്നു. കോടതിയുടെ പരിഗണനക്ക് ശേഷം ഒരു മാസത്തിനിപ്പുറമാണ് സ്റ്റാൻ സ്വാമിക്ക് കപ്പും സ്ട്രോയും അനുവദിച്ചത്. പാർക്കിൻസൺ രോഗബാധിതനായതിനെ തുടർന്നായിരുന്നു ഇദ്ദേഹം വെള്ളം കുടിക്കാൻ സിപ്പർ കപ്പ് ആവശ്യപ്പെട്ടത്.
ഭീമ കൊറേഗാവ് കേസിൽ ആനന്ദ് തെൽതുംഡെ, ഹാനി ബാബു, സാഗർ ഗോർക്കെ, കവി വരവര റാവു, രമേശ് ഗായിചോര്‍ തുടങ്ങിയവരെയും രാജ്യദ്രോഹവും ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ച് യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.