മഹാരാഷ്ട്ര: പരാതിയുമായി നേതാക്കൾ ചെന്നിത്തലക്ക് മുന്നിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെയുടെ ഏകാധിപത്യ പ്രവർത്തന ശൈലിക്കെതിരെ പരാതിയുമായി രമേശ് ചെന്നിത്തലക്കുമുന്നിൽ സംസ്ഥാന നേതാക്കൾ. സംസ്ഥാനത്ത് പാർട്ടിയിലെ ഉൾപ്പോരിനെ തുടർന്ന് ഹൈകമാൻഡ് രമേശ് ചെന്നിത്തലയെ അന്വേഷണത്തിന് നിയോഗിച്ചതാണ്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഹോട്ടൽ ട്രൈഡന്റ്, പ്രഭാദേവിയിലെ പാർട്ടി കാര്യാലയം എന്നിവിടങ്ങളിൽ വെച്ചാണ് സംസ്ഥാന നേതാക്കൾ ഓരോരുത്തരായി ചെന്നിത്തലയെ കണ്ടത്.
മറ്റ് നേതാക്കളെ പരിഗണിക്കാതെയുള്ള നാന പട്ടോലെയുടെ ഏകപക്ഷീയ തീരുമാനങ്ങൾ താഴെ ഘടകങ്ങളെ നിർജീവമാക്കുന്നു എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്. നാന പട്ടോലെയുമായി ചേർന്നുപോകില്ലെന്ന് പറഞ്ഞ് നിയമസഭ കക്ഷി നേതൃപദവിയിൽനിന്ന് ബാലാസാഹെബ് തോറാട്ട് രാജിക്കത്ത് നൽകിയതോടെയാണ് പാർട്ടിയിലെ ഉൾപ്പോര് പരസ്യമാകുന്നത്. പിന്നാലെ ആശിഷ് ദേശ്മുഖ് അടക്കമുള്ള നേതാക്കൾ പട്ടോലെക്കെതിരെ ഹൈകമാൻഡിന് കത്തെഴുതി.
തുടർന്നാണ് രമേശ് ചെന്നിത്തലയെ പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്വേഷണത്തിന് അയച്ചത്. ശിവസേനയെയടക്കം ബി.ജെ.പി ദുർബലമാക്കുന്ന സാഹചര്യത്തിൽ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്ന നേതൃത്വമാണ് സംസ്ഥാനത്ത് പാർട്ടിക്ക് ആവശ്യമെന്ന് ചില നേതാക്കൾ പറഞ്ഞു. പട്ടോലെയും തോറാട്ടും ഒന്നിച്ചുപ്രവർത്തിക്കുമെന്നും വരും തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഇരുവരും ഉറപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.