മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിക്ക് അറുതി; നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് മേയ് 21ന്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി ഒഴിവാക്കാൻ ഒഴിവുവന്ന നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് മേയ് 21ന് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമിഷൻ തീരുമാനിച്ചു. നിലവിൽ എം.എൽ.എയോ നിയമസഭ കൗൺസിൽ അംഗമോ അല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അധികാരത്തിൽ തുടരണമെങ്കിൽ മേയ് 28നു മുമ്പ് ഇവയിൽ ഏതെങ്കിലും ഒന്നിലേക്ക് തെരഞ്ഞെടുക്കപ്പെടണം. നിയമസഭ കൗൺസിലിലേക്ക് മത്സരിക്കാനായിരുന്നു ഉദ്ധവിന്‍റെ തീരുമാനം. എന്നാൽ, കോവിഡിനെതിരായ പോരാട്ടത്തിനിടയിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് ഭരണ പ്രതിസന്ധിക്ക് വഴിവെച്ചു.
ഗവർണർ ക്വാട്ടയിലെ ഒഴിവിൽ ഉദ്ധവ് താക്കറെയെ നിയമസഭ കൗൺസിലിലേക്ക് നിയമിക്കാൻ സർക്കാർ ശിപാർശ ചെയ്തെങ്കിലും ഗവർണർ ഭഗത് സിങ് കോശിയാരി തയാറായിരുന്നില്ല. ഇതെ തുടർന്ന് ഉദ്ധവ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടിയിരുന്നു. പിന്നാലെ, ഒഴിവുവന്ന ഒമ്പത് നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ ഗവർണർ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പ് കമിഷണർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കഴിഞ്ഞ നവംബർ 28നാണ് ഉദ്ധവ് താക്കറെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.