‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് ആൾക്കൂട്ടം മർദിച്ചെന്ന് യുവാവിന്റെ പരാതി
text_fieldsമുംബൈ: ട്രെയിനിൽവെച്ചും വീടിനടുത്തുവെച്ചും ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് സംഘ്പരിവാർ ബന്ധമുള്ളവർ തന്നെയും കുടുംബത്തെയും ആക്രമിച്ചതായി മുസ്ലിം യുവാവിന്റെ പരാതി. രണ്ടു തവണ പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ്, ആക്രമിച്ചവരുടെ പരാതിയിൽ തനിക്കെതിരെ രണ്ടു തവണ കേസെടുത്തെന്നും മഹാരാഷ്ട്രയിലെ കങ്കവലി സ്വദേശി ആസിഫ് ശൈഖ് ആരോപിച്ചു.
ജനുവരി 19ന് കങ്കവലിയിൽനിന്ന് ഭാര്യക്കും മകൾക്കുമൊപ്പം മുംബൈക്കു വരുമ്പോഴാണ് ആദ്യ സംഭവം. ട്രെയിനിൽ ഇവർ യാത്രചെയ്ത കമ്പാർട്മെന്റിലുണ്ടായിരുന്ന 30ഓളം വിദ്യാർഥികൾ യാത്രക്കാരോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. പർദ ധരിച്ച തന്റെ ഭാര്യയോടും ആവശ്യപ്പെട്ടു. ഇത് ചോദ്യംചെയ്തതിന് വിദ്യാർഥികൾ മർദിക്കുകയായിരുന്നു. മകളുടെ ദേഹത്ത് ചൂടുള്ള ചായ ഒഴിച്ചതോടെ പൻവേൽ റെയിൽവേ പൊലീസിൽ പരാതി നൽകി. എന്നാൽ, കേസെടുത്തില്ല. മോശമായി പെരുമാറിയെന്നാരോപിച്ച് ആക്രമിച്ച കൂട്ടത്തിലെ സ്ത്രീ നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുക്കുകയും ചെയ്തു.
പിന്നീട് കേസ് കങ്കവലി സ്റ്റേഷനിലേക്കു മാറ്റി. ജനുവരി 24ന് അവിടെ ചെല്ലാനും പൻവേൽ പൊലീസ് ആവശ്യപ്പെട്ടു. കങ്കവലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ആളുകൾ തടിച്ചുകൂടിയിരുന്നു. സ്റ്റേഷനിൽ കാത്തുനിന്ന ബി.ജെ.പി നേതാവ് പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെനിന്ന് പൊലീസാണ് വീട്ടിൽ കൊണ്ടുവിട്ടത്. വീടിനു മുന്നിലും ആളുകൾ കൂടിയിരുന്നു. അതിലൊരാൾ നേതാവ് പറഞ്ഞിട്ടും ജയ് ശ്രീറാം വിളിക്കില്ലേ എന്ന് ചോദിച്ച് പിറകിൽനിന്ന് വടികൊണ്ട് അടിച്ചു. പൊലീസ് നോക്കിനിന്നതേയുള്ളൂ. ഈ സംഭവത്തിലും പരാതി നൽകി. പൊലീസ് സാക്ഷിയായിട്ടും സംഭവത്തിന്റെ വിഡിയോ വൈറലായിട്ടും കേസെടുത്തില്ല. പകരം ആക്രമിച്ചവരിൽ ഒരാളുടെ പരാതിയിൽ പൊലീസ് തനിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും ആസിഫ് ശൈഖ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.