വീട്ടുജോലിക്ക് വൈകിയെത്തിയതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചയാൾക്കെതിരെ കേസ്
text_fieldsമുബൈ: വീട്ടുജോലിക്ക് വൈകിയെത്തിയതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചയാൾക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രാജേന്ദ്ര സീതാറാം പാട്ടീലെന്നയാൾക്കെതിരെയാണ് 13 വയസുള്ള കുട്ടിയെ മർദിച്ചതിന് കേസെടുത്തത്.
കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മരിച്ചിരുന്നു. അച്ഛൻ ക്ഷയരോഗിയാണ്. കുട്ടിയും രാജേന്ദ്ര സീതാറാം പാട്ടീലും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലെ കന്നുകാലികളെ നോക്കാൻ നിയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. കുട്ടി പാട്ടീലിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ 25ന് ഗ്രാമത്തിലെ ഗണേശ വിഗ്രഹ ഘോഷയാത്ര കാണാൻ പോയ കുട്ടി മറ്റു കുട്ടികളോടൊപ്പം കളിച്ചുനിന്ന് ജോലിസ്ഥലത്ത് എത്താൻ വൈകിയതിനാണ് മർദിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മകനെ മർദിച്ചത് ചോദ്യം ചെയ്യാൻ എത്തിയ പിതാവിനെയും ഗ്രാമവാസികളെയും പാട്ടീൽ അധിക്ഷേപിച്ചിരുന്നു. തുടർന്ന് അവർ പൊലീസിനെ സമീപിക്കുകയും കുട്ടിയുടെ പിതാവ് പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബാലവേല നിരോധന നിയന്ത്രണ നിയമം, ബോണ്ടഡ് ലേബർ സിസ്റ്റം നിർത്തലാക്കൽ നിയമം, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം രാജേന്ദ്ര സീതാറാം പാട്ടീലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 323, 506 , 504 എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.