മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ ഏഴു മരണം കൂടി; മരണസംഖ്യ 31 ആയി
text_fieldsമുംബൈ: കൂട്ടമരണം നടന്ന മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ ഏഴ് പേർ കൂടി മരിച്ചതായി പുതിയ റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മരിച്ചവരുടെ പുതിയ കണക്ക് പുറത്തുവിട്ടത്. മരിച്ചവരിൽ നാലു പേർ കുട്ടികളാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു.
ഇന്നലെയാണ് നന്ദേഡിലെ ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്ക് ജീവൻ നഷ്ടമായത്. മരിച്ച 12 പേരിൽ ആറ് ആണും ആറ് പെൺ കുഞ്ഞുങ്ങളും ഉൾപ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിർന്നവർ. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്.
ആവശ്യത്തിന് മരുന്നില്ലാത്തതും ഡോക്ടർമാരുടെ ക്ഷാമവുമാണ് കൂട്ടമരണത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ആദ്യ വിശദീകരണം. പിന്നീട് വിമർശനം ശക്തമായ സാഹചര്യത്തിൽ ആശുപത്രി അധികൃതർ നിലപാട് മാറ്റി. മരുന്നിന്‍റെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ലെന്ന് മെഡിക്കൽ കോളജ് ഇൻ ചാർജ് ഡീൻ ഡോ. ശ്യാം റാവു വാക്കോട് എ.എൻ.ഐയോട് വ്യക്തമാക്കി.
കൂട്ട മരണത്തിൽ സർക്കാർ ആശുപത്രിക്കും മഹാരാഷ്ട്രയിലെ ബി.ജെ.പി-ഷിൻഡെ സർക്കാറിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പബ്ലിസിറ്റിക്കായി ബി.ജെ.പി സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.