മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന് ജയമൊരുക്കിയത് ഫത്‍വകളെന്ന് മന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന് ജയമൊരുക്കിയത് ഫത്‍വകളാണെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർക്കർ. മുംബൈ മേഖലയിൽ ശിവസേന നേട്ടമുണ്ടാക്കിയത് ഉദ്ധവ് ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചുവെന്ന് മുസ്‍ലിം വോട്ടർമാരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണെന്ന് ദീപക് കേസർക്കർ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിശ്വസ്തനാണ് ദീപക് കേസർക്കർ.
ഫത്‍വകളില്ലായിരുന്നുവെങ്കിൽ ഓരോ ശിവസേന സ്ഥാനാർഥിയും ഒന്നേകാൽ ലക്ഷം വോട്ടിന് വരെ പരാജയപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രവും ബാൽതാക്കറെയുടെ ആശയങ്ങളും ഉദ്ധവ് ഉപേക്ഷിച്ചുവെന്ന് മുസ്‍ലിംകളെ ബോധ്യപ്പെടുത്തിയത് കൊണ്ടാണ് ശിവസേനക്ക് നേട്ടമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം മറാത്തികളുടേയും മുംബൈ നിവാസികളുടേയും വോട്ട് മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കാൻ പാകിസ്താനിൽ നിന്നും ഗൂഢാലോചനയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താനിൽ നിന്നുള്ള രണ്ട് മന്ത്രിമാർ മോദിയുടെ പരാജയത്തിന് വേണ്ടി ഇടപ്പെട്ടു. രാജ്യത്തെ ദലിതുകളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്നായിരുന്നു ഇതിന് വേണ്ടിയുള്ള പ്രവചനമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ എൻ.ഡി.എ മുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 48 സീറ്റുകളിൽ 31 എണ്ണത്തിലും ഇൻഡ്യ സഖ്യമാണ് വിജയിച്ചത്. 17 സീറ്റിൽ മാത്രമാണ് എൻ.ഡി.എക്ക് വിജയിക്കാനായത്. ആകെ മത്സരിച്ച 15 സീറ്റുകളിൽ ഏഴ് എണ്ണത്തിൽ മാത്രമാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന് വിജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.