മഹാരാഷ്ട്ര മന്ത്രിമാരുടെ ബെലഗാവി സന്ദർശനം നല്ലതിനല്ല -കർണാടക മുഖ്യമന്ത്രി ബൊമ്മെ
text_fieldsബെലഗാവി: അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാർ ബെലഗാവി സന്ദർശിക്കുന്നത് നല്ലതല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും അവരുടെ നിയമസംഘവുമായി അതിർത്തി പ്രശ്‌നം പരിഹരിക്കാൻ നിയമിക്കുകയും ബെലഗാവി സന്ദർശനം തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ബെലഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്) നേതാക്കളെ ഇരുവരും കാണാനിടയുണ്ടെന്നാണ് റിപ്പോർട്ട്.
ബെലഗാവി സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഹരജി അടുത്തിടെ സുപ്രീം കോടതി പരിഗണിച്ചതിനെ തുടർന്നാണ് ഇവരുടെ സന്ദർശനം. "നമ്മുടെ ചീഫ് സെക്രട്ടറി ഇതിനകം മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ഫാക്സ് വഴി കത്തെഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവർ ഇവിടെ സന്ദർശിക്കുന്നത് നല്ലതല്ല. അതിനാൽ അവർ ഇവിടെ വരരുത്. ഞങ്ങൾ ഇതിനകം അവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കർണാടക സർക്കാർ മുൻകാലങ്ങളിൽ സ്വീകരിച്ച നടപടികൾ തുടരും" -ബൊമ്മെ ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"മഹാരാഷ്ട്രയിലെ ജാട്ട് താലൂക്കിലെ കന്നഡ സംസാരിക്കുന്ന ജനങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ആ പദ്ധതി നടക്കട്ടെ. ആ പ്രദേശത്തെ ജനങ്ങൾക്ക് വെള്ളം ലഭിക്കട്ടെ" -ബൊമ്മെ പറഞ്ഞു.
രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ജാട്ട് താലൂക്കിലെ പഞ്ചായത്തുകൾ തങ്ങളുടെ താലൂക്ക് കർണാടകയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്ര ബെലഗാവി വിഷയം ഉന്നയിച്ചപ്പോൾ, ജാട്ട് താലൂക്ക് പഞ്ചായത്തുകൾ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കുമെന്ന് ബൊമ്മെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.