വ്യാജ ജാതി സർട്ടിഫിക്കറ്റ്: മഹാരാഷ്ട്ര വനിത എം.പിക്ക് രണ്ടുലക്ഷം രൂപ പിഴ
text_fieldsമുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈകോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കുന്നതിനായി ഇവർ വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയതായി കോടതി കണ്ടെത്തിയതിനെ തുടർന്നാണിത്. സിനിമാതാരം കൂടിയായ ഇവർ ആദ്യമായാണ് എം.പിയാകുന്നത്. ഇവരുടെ എം.പി സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കോടതി പരാമർശമൊന്നും നടത്തിയില്ല.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അമരാവതിയില്‍നിന്നാണ് നവനീത് കൗർ ജയിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള എട്ട് വനിത എം.പിമാരിൽ ഒരാളാണ് ഈ 35കാരി. ഏഴ് ഭാഷകൾ കൈകാര്യം ചെയ്യുന്ന അവർ മുൻ എം.പിയും ശിവസേന നേതാവുമായ ആനന്ദ്റാവു അദ്സൂലിനെയാണ് പരാജയപ്പെടുത്തിയത്. നവനീത് കൗർ വ്യാജ ജാതി സർട്ടിഫിക്കറ്റിലാണ് മത്സരിച്ചതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ആനന്ദ്റാവു പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ സംസാരിച്ചാല്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേനാ എം.പി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് നവനീത് കൗർ മാർച്ചിൽ ആരോപിച്ചിരുന്നു. തനിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ശിവസേനയുടെ ലെറ്റര്‍ഹെഡ്ഡില്‍ ഭീഷണിക്കത്തുകള്‍ ലഭിച്ചെന്നുമാണ് അവര്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് പരാതിപ്പെട്ടത്.
മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന്‍റെ പേരില്‍ നടപടി നേരിട്ട മഹാരാഷ്ട്രയിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ വിഷയം അടക്കമുള്ളവ അവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെതിരായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്ന ആവശ്യവും നവനീത് കൗർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.