മഹാരാഷ്ട്ര: എം.വി.എ സീറ്റ് പ്രഖ്യാപനം ഉടനെന്ന്
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം.വി.എ)യുടെ സീറ്റു വിഭജനം ഏതാണ്ട് പൂർത്തിയായതായി സൂചന. അന്തിമ ചർച്ചകൾ മുംബൈയിൽ നടന്നുവരുകയാണ്. ഞായറാഴ്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിനുമുമ്പേ പ്രഖ്യാപിക്കാനാണ് നീക്കം. ഏതാനും സീറ്റുകളിലെ അന്തിമ ചർച്ച പൂർത്തീകരിക്കാനുണ്ട്. പ്രകാശ് അംബേദ്കർ അധ്യക്ഷനായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ)യുടെ നിലപാടും അറിയേണ്ടതുണ്ട്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, നാന പടോലെ, ബാലാസാഹെബ് തോറാട്ട് തുടങ്ങിയവർ വെള്ളിയാഴ്ച എൻ.സി.പി സ്ഥാപകൻ ശരദ് പവാറിനെ ചെന്നുകണ്ടിരുന്നു.
പ്രകാശ് അംബേദ്കറിന് അകോല ഉൾപടെ നാല് സീറ്റുകൾ നൽകാൻ തയാറാണെന്നും അദ്ദേഹമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എം.വി.എയിൽ തർക്കമില്ലെന്നും പ്രകാശ് അംബേദ്കറിനെ ചൊല്ലിയാണ് പ്രഖ്യാപനം വൈകുന്നതെന്നും റാവുത്ത് ആരോപിച്ചു. എന്നാൽ, റാവുത്ത് കള്ളം പറയുകയാണെന്നാണ് പ്രകാശിന്റെ പ്രതികരണം. എം.വി.എയിലാണ് തർക്കമെന്ന യോഗത്തിൽ തങ്ങളെ ക്ഷണിച്ചില്ലെന്നും പ്രകാശ് പറഞ്ഞു. അകോല ഒഴിച്ച് ജയസാധ്യതയില്ലാത്ത സീറ്റാണ് വി.ബി.എക്ക് നൽകിയതെന്നാണ് മറ്റൊരു ആരോപണം.
അതേസമയം, ഭരണപക്ഷത്ത് മഹായൂത്തിയിലും അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രി ശിവസേനയുടെ ഏക്നാഥ് ഷിൻഡെയും എൻ.സി.പിയുടെ അജിത് പവാറും ഡൽഹിയിൽ അമിത് ഷായെ കാണും. നിലവിൽ 20 സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ സിറ്റിങ് എം.പിമാരുള്ള സീറ്റുകളാണെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.