മഹാരാഷ്ട്ര: നർവേക്കർ വീണ്ടും സ്പീക്കർ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ബി.ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം.വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ഔദ്യോഗികമായി പ്രഖ്യാപനം തിങ്കളാഴ്ച. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ മുതൽ നർവേക്കറാണ് സ്പീക്കർ.
യഥാർഥ ശിവസേന ഷിൻഡെയുടേതും യഥാർഥ എൻ.സി.പി അജിത് പവാറിന്റേതുമാണെന്ന് വിധിച്ചത് ഇദ്ദേഹമാണ്. ആദ്യം എൻ.സി.പിയിലും പിന്നീട് ശിവസേനയിലും പ്രവർത്തിച്ച് ഒടുവിൽ ബി.ജെ.പിയിൽ എത്തിയതാണ് അഭിഭാഷകനായ നർവേക്കർ.
ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് പദവികൾക്കായി എം.വി.എ അവകാശവാദമുന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം എം.എൽ.എമാരുടെ എണ്ണത്തിന്റെ 10 ശതമാനം എം.എൽ.എമാരില്ലാത്ത പാർട്ടിക്ക് പ്രതിപക്ഷ നേതാവ് പദവിക്ക് യോഗ്യതയില്ലെന്നാണ് പറയപ്പെടുന്നത്. ഉദ്ധവ് പക്ഷ ശിവസേനക്ക് 20 എം.എൽ.എമാരേയുള്ളൂ. ‘റൂൾബുക്കിൽ’ അങ്ങനെയില്ലെന്ന് ഉദ്ധവ് പക്ഷ നേതാവ് ഭാസ്കർ ജാദവ് പറഞ്ഞു.
വോട്ടുയന്ത്രത്തിൽ സംശയമുന്നയിച്ച് ശനിയാഴ്ച സത്യപ്രതിജ്ഞ ബഹിഷ്കരിച്ച എം.വി.എ എം.എൽ.എമാർ ഞായറാഴ്ച പ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ തിങ്കളാഴ്ച സഭയിൽ വിശ്വാസം തേടും. മഹായുതിയിലെ വകുപ്പുവിഭജനം അന്തിമഘട്ടത്തിലാണ്.
ബാലറ്റിലേക്ക് മടങ്ങണമെന്ന് പവാർ
മുംബൈ: വോട്ടുയന്ത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം വേണമെന്ന് എൻ.സി.പി സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. വോട്ടുയന്ത്രത്തിൽ ജനങ്ങൾ സംശയാലുക്കളാണ്. ആ സംശയത്തെ ബലപ്പെടുത്തും വിധമാണ് തെരഞ്ഞെടുപ്പ് ഫലം.
എവിടെയൊ എന്തോ പിഴവുണ്ടെന്ന് അവർ കരുതുന്നു. അമേരിക്കയും ബ്രിട്ടനും അടക്കം വോട്ടുയന്ത്രം ഒഴിവാക്കി ബാലറ്റ് തെരഞ്ഞെടുപ്പിനെ ആശ്രയിക്കുന്നു എന്നിരിക്കെ എന്തുകൊണ്ട് ഇന്ത്യക്കും ആയിക്കൂടാ -പവാർ ചോദിച്ചു. സൊലാപുരിലെ മാർക്കഡ്വാടിയിൽ പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുയന്ത്രത്തിൽ സംശയത്തെ തുടർന്ന് ബാലറ്റ് പേപ്പർ ഉപയോഗിച്ച് സമാന്തര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ശ്രദ്ധനേടിയ ഗ്രാമമാണ് മാർക്കഡ്വാടി. നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് ഗ്രാമീണരെ പിന്തിരിപ്പിച്ചിരുന്നു. തങ്ങളുടെ വോട്ട് കൃത്യമായി എണ്ണിയോ എന്ന് നോക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും സമാന്തര വോട്ടെടുപ്പ് നടത്തുന്നതിൽ എന്താണ് തെറ്റെന്നും പവാർ ചോദിച്ചു.
അതേസമയം, ഇൻഡ്യ ബ്ലോക്കിനെ നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗ്യയാണെന്ന് പവാർ കൊലാപുരിൽ മാധ്യമങ്ങളുടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.