തെലങ്കാനയിൽ നിന്നും രണ്ട് ട്രക്കുകളിലായി കടക്കാൻ ശ്രമിച്ച 300 തൊഴിലാളികൾ പിടിയിൽ
text_fieldsമുംബൈ: അവശ്യസാധനങ്ങൾ കൊണ്ടുവന്ന രണ്ടു കണ്ടെയ്നർ ട്രക്കുകളിലായി മൂന്നൂറോളം അന്യസംസ്ഥാന തൊഴിലാളകളെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താൻ കഴിയാതിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് അപകടകരമായി രക്ഷപ്പെടാൻ ശ്രമിച്ചത്. തെലങ്കാനയിൽ നിന്നു രാജസ്ഥാനിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കിലാണ് തൊഴിലാളികളെ കൂട്ടമായി കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്
തെലങ്കാനയിൽ നിന്നു പുറപ്പെട്ട കണ്ടെയ്നർ ലോറി അതിർത്തി നഗരമായ യവാത്‌മലിൽ വെച്ച് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കുകയായിരുന്നു.
ടോൾ ബൂത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് ട്രക്കുകളുടെ ഡ്രൈവർമാർ നൽകിയ മറുപടിയിൽ സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ദിവസക്കൂലിക്കാരായ 300 ഓളം പേരാണ് ഇരു ട്രക്കുകളിലുമായി ഉണ്ടായിരുന്നത്. സ്വന്തം നാടായ രാജസ്ഥാനിലേക്ക് തിരികെ പോകാനാണ് ട്രക്കിൽ കയറിയതെന്നും മറ്റു ഗതാഗത സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ കഠിനമായ യാത്രക്ക് മുതിർന്നതെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ രാജസ്ഥാൻ പൊലീസുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നഗരങ്ങളിലെ തൊഴിലിടങ്ങളിൽ നിന്ന് കിലോമീറ്ററുകൾ നടന്നാണ് പലരും വീടുകളിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.