മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി; കരുക്കൾ നീക്കി ബി.ജെ.പി, 20ലധികം എം.എൽ.എമാർ സൂറത്തിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത നീക്കം നടക്കുന്നതിനെതുടർന്ന് പ്രതിസന്ധിയിലായി ശിവസേന നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം. ഷിൻഡെയുടെ നേതൃത്വത്തിൽ 20ലധികം ശിവസേന എം.എൽ.എമാർ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നതോടെയാണ് മഹാരാഷ്ട്രയിൽ ഭരണ അട്ടിമറി നടക്കുമോ എന്ന അഭ്യൂഹം ശക്തമായത്.
ശിവസേന നേതാവായ ഷിൻഡെ നിലവിൽ മഹാരാഷ്ട്ര പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. ഷിൻഡെയെ മുൻനിർത്തി മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാറിനെ തിരികെ കൊണ്ടുവരാനുള്ള കരുക്കൾ നീക്കുകയാണ് ബി.ജെ.പി. വിമതനീക്കത്തെതുടർന്ന് ശിവസേന ഷിൻഡെയെ നിയമസഭാ കക്ഷിസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഭരണകക്ഷിക്കെതിരെ വോട്ടു ചെയ്തു എന്ന സംശയത്തിനിടയിലാണ് ഷിൻഡെയും നിരവധി എം.എൽ.എമാരും ഗുജറാത്തിലേക്ക് കടന്നത്.
എം.വി.എ സർക്കാറിനെ താഴെയിറക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ മഹാരാഷ്ട്ര രാജസ്ഥാൻ പോലെയോ മധ്യപ്രദേശ് പോലെയോ അല്ലെന്ന് ബി.ജെ.പി ഓർക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സർക്കാറിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും വ്യക്തമാക്കി. അതേസമയം ബി.ജെ.പി എം.എൽ.എ വിമതരെ സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. ശിവസേനയും മധ്യസ്ഥചർച്ചകൾക്കായി മുന്നോട്ട് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.