അട്ടിമറി നയിച്ച് ബി.ജെ.പി; കളം കൈവിട്ട് ഭരണപക്ഷം
text_fieldsന്യൂഡൽഹി: അധികാരവും പണക്കരുത്തും മുതലാക്കി മറ്റൊരു സംസ്ഥാനത്തെ ഭരണംകൂടി ബി.ജെ.പി അട്ടിമറിക്കുമ്പോൾ കളം കൈവിട്ട് ഭരണപക്ഷം. മഹാരാഷ്ട്രയിൽ ബഹുഭൂരിപക്ഷം എം.എൽ.എമാരെ പാവകളാക്കി ശിവസേനയെ ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നതാണ് ചിത്രം. എന്നാൽ, അതിനെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, ഒപ്പമുള്ള എം.എൽ.എമാർ ചോർന്നുപോകാതിരിക്കാനുള്ള ശ്രമങ്ങളിൽപോലും പിന്നാക്കം പോയിരിക്കുകയാണ്, പ്രധാനമായും കോൺഗ്രസ്.
കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം ബി.ജെ.പി ഭരണം അട്ടിമറിച്ച സംസ്ഥാനങ്ങൾ പലതാണ്. ഉത്തരാഖണ്ഡ് (2016), അരുണാചൽപ്രദേശ് (2016), ഗോവ (2017), കർണാടക (2019), മധ്യപ്രദേശ് (2020). രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ ഭരണംപിടിക്കാൻ നടത്തിയ തീവ്രശ്രമങ്ങൾ പരാജയപ്പെട്ടു. അതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ മഹാരാഷ്ട്രയിലെ അട്ടിമറി.
മഹാരാഷ്ട്രയിൽ 'കടുവ'യായി വാണ താക്കറെ കുടുംബത്തെയും ശിവസേനയെയും കടലാസ് പുലി മാത്രമാക്കിക്കഴിഞ്ഞു.
ഉദ്ധവ് താക്കറെയുടെ ഹിന്ദുത്വത്തിന് തീവ്രത പോരാ എന്ന വിശദീകരണത്തോടെയാണ് ഇപ്പോൾ ഏക് നാഥ് ഷിൻഡെ ഭൂരിപക്ഷം എം.എൽ.എമാരെയും ഒപ്പംനിർത്തുകയോ ബി.ജെ.പി സഹായത്തോടെ വളഞ്ഞുവെച്ചിരിക്കുകയോ ചെയ്യുന്നത്. ബി.ജെ.പി നയിക്കുന്ന പുതിയ സർക്കാറിന്റെ ഭാഗമായി നിൽക്കാനാണ് വിമതർ ഒരുങ്ങുന്നത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വം തള്ളിയ ശിവസേന എം.എൽ.എമാരെ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്ത് വഴി അസമിൽ എത്തിച്ച് സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്ന് വ്യക്തം. പണ-സന്നാഹങ്ങൾക്കു പുറമെ, പൊലീസ്-അധികാര ദുർവിനിയോഗവും നിർബാധം നടക്കുന്നു.
എം.എൽ.എമാരുമായി അസമിലേക്ക് ചാർട്ടർ ചെയ്ത വിമാനങ്ങൾ പലവട്ടം പറന്നു. അവരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിൽ മേൽനോട്ടത്തിനും നിരീക്ഷണത്തിനും തന്ത്രം മെനയാനും അസമിലെ ബി.ജെ.പി മന്ത്രിമാർ പരസ്യമായിത്തന്നെ കടന്നുചെന്നു.
അഘാഡി സഖ്യസർക്കാറിനെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ശരത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി ആവർത്തിക്കുന്നുണ്ടെങ്കിലും സഖ്യത്തിന്റെ നില പരുങ്ങലിലാണ്. തന്റെയും ഒപ്പമുള്ള എം.എൽ.എമാരുടെയും നില ബി.ജെ.പിയുടെ കൈത്താങ്ങിൽ ഭദ്രമാക്കാതെ ഏക് നാഥ് ഷിൻഡെ മുംബൈയിൽ കാലുകുത്തില്ല. സഖ്യം രൂപപ്പെടുത്താനും അംഗബലം ഉറപ്പിക്കാനുമുള്ള സാവകാശമാണ് അവർ തേടുന്നത്. അതിനനുസരിച്ച നീക്കമാവും ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുക.
മൂന്ന് സാധ്യതകൾ ബി.ജെ.പിക്കും ഷിൻഡെ പക്ഷത്തിനും മുന്നിലുണ്ട്: ഷിൻഡെയെ മുഖ്യമന്ത്രിയാക്കി നിലവിലെ ഭരണം അട്ടിമറിക്കാൻ ബി.ജെ.പി പിന്തുണ നൽകുക, ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി ഷിൻഡെപക്ഷം സർക്കാറിൽ ചേരുക, ശിവസേന പിളരാതെതന്നെ ബി.ജെ.പിയുമായി ചേരുക. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി പണിയെടുക്കുന്നത് മുഖ്യമന്ത്രിപദത്തിന് വേണ്ടിയാണെന്നിരിക്കേ, ഷിൻഡെ പക്ഷത്തെ സഖ്യകക്ഷിയാക്കി ഭരിക്കുന്ന സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഈ കളികൾക്കിടയിൽ സ്വന്തം എം.എൽ.എമാരെ ചേർത്തുനിർത്താൻ പവാർതന്നെ നേരിട്ട് കളത്തിലുണ്ട്. എന്നാൽ, 44 എം.എൽ.എമാരുള്ള കോൺഗ്രസിന്റെ സ്ഥിതി അതല്ല.
കളിക്കളത്തിൽ ഇ.ഡി; എം.എൽ.എമാർക്ക് പേടി
മുംബൈ: മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധിക്ക് കാരണമായ ശിവസേനയിലെ വിമത നീക്കത്തിന് പിന്നിൽ കേന്ദ്ര ഏജൻസികളെന്ന് ആക്ഷേപം. ശിവസേനയുടെ 55 എം.എൽ.എമാരിൽ 42 പേർ തനിക്കൊപ്പമെന്നാണ് ഫോട്ടോ സഹിതം വിമത നേതാവ് ഏക് നാഥ് ഷിൻഡെ അവകാശപ്പെട്ടത്. ഇവരിലേറെ പേരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അന്വേഷണം നേരിടുന്നവരാണ്. ഇ.ഡിയെ ഭയന്നാണ് പലരും ക്യാമ്പിൽ തുടരുന്നതെന്ന് സൂറത്തിലെ വിമത ക്യാമ്പിൽനിന്ന് രക്ഷപ്പെട്ടെത്തിയ എം.എൽ.എ നിതിൻ ദേശ്മുഖ് ആരോപിച്ചു.
വിമത ക്യാമ്പിലെ പകുതിയോളം പേർ സമ്പർക്കം പുലർത്തുന്നതായി ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നു. ക്യാമ്പിൽനിന്ന് രക്ഷപ്പെട്ട രണ്ട് എം.എൽ.എമാർ മുംബൈയിലെത്തിയതോടെ, കൂടുതൽ പേർ തിരിച്ചുപോകുമെന്ന ഭീതിയിലാണ് വിമത ക്യാമ്പ് സൂറത്തിൽനിന്ന് ഗുഹാവതിയിലെ ഹോട്ടലിലേക്ക് മാറ്റിയത്.
കോൺഗ്രസ്-എൻ.സി.പി സഖ്യം വിട്ട് ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകണമെന്ന് വിമതർ ആവശ്യപ്പെടുന്നത് ഇ.ഡിയെ ഭയന്നാണെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പാട്ടോലെയും ആരോപിച്ചു. വിമത ക്യാമ്പിലെ പ്രതാപ് സർനായിക്, യാമിനി ജാദവ് എന്നിവരുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
ഔദ്യോഗിക പക്ഷത്തെ മന്ത്രി അനിൽ പരബും പ്രമുഖ നേതാവ് രവീന്ദ്ര വായിക്കറും ഇ.ഡി അന്വേഷണം നേരിടുന്നു. ശിവസേന ബി.ജെ.പിക്കൊപ്പം പോകണമെന്ന വിമതരുടെ ആവശ്യത്തെ അംഗീകരിക്കുന്ന മറ്റു നേതാക്കളായ എം.പി. ഭാവന ഗാവ്ലി, മുൻ എം.പി ആനന്ദ് റാവു അഡ്സുൽ, മുംബൈ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ യശ്വന്ത് ജാദവ് എന്നിവരും ഇ.ഡി അന്വേഷണം നേരിടുന്നവരാണ്.
ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുപ്പക്കാരനായ ഏക് നാഥ് ഷിൻഡെയെ ഉപയോഗിച്ച് ശിവസേനയെ പിളർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഇ.ഡിയുടെ പേരിൽ ശിവസൈനികർ ഭീരുക്കളാകരുതെന്ന് ശിവസേന മുഖപത്രം സാമ്ന മുഖപ്രസംഗവും എഴുതി. പാർട്ടി പണമുപയോഗിച്ച് അണികളുടെ പിന്തുണയിൽ ജയിച്ചവർ ഇത് ബി.ജെ.പിയുടെ കെണിയാണെന്ന് തിരിച്ചറിയണമെന്നും ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയലാണ് അവരുടെ രീതിയെന്നും സാമ്ന പറയുന്നു. ശിവസേനയെ ചതിച്ചവരാരും പിന്നീട് ജയിച്ചിട്ടില്ലെന്ന മുന്നറിയിപ്പും 'സാമ്ന' നൽകി.
അടുത്തത് കോൺഗ്രസ്? നേതൃത്വം ആശങ്കയിൽ
മുംബൈ: ശിവസേനക്കുപിന്നാലെ ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുമെന്ന ഭീതിയിൽ മഹാരാഷ്ട്ര കോൺഗ്രസ്. 44 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ഇവരിൽ പലരും ആടിക്കളിക്കുന്നതാണ് ആശങ്കക്ക് കാരണം.
ശിവസേനയിൽ വിമതനീക്കം തുടങ്ങിയ ഉടൻ ഹൈകമാൻഡ് കമൽനാഥിനെ നിരീക്ഷകനായി അയച്ചെങ്കിലും കൊഴിഞ്ഞുപോക്ക് സാധ്യത തടയാനുള്ള ഗൗരവ നീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ പറയുന്നു. 41 എം.എൽ.എമാരോട് നേരിട്ടും ശേഷിച്ചവരോട് ഫോണിലും ബന്ധപ്പെട്ട ശേഷം കമൽനാഥ് മടങ്ങിപ്പോവുകയും ചെയ്തു.
എംഎൽഎമാരെ റാഞ്ചാനുള്ള സാധ്യത ഹൈക്കമാൻഡ് ഗൗരവമായി എടുത്തില്ലെന്ന് നേതാക്കൾ പരിതപിക്കുന്നു. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാനാണ് ശിവസേനയ്ക്ക് പിന്തുണ നൽകിയതെന്നും പിന്തുണ തുടരുമെന്നും കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ ആവർത്തിച്ചു. വിമത നീക്കത്തിനു പിന്നിൽ പ്രത്യയശാസ്ത്ര പ്രതിസന്ധി അല്ലെന്നും എൻഫോഴ്സ്മെന്റ് അന്വേഷണ ഭീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.