കൂടുതൽ പേർ വിമതപക്ഷത്തേക്ക്; ബി.ജെ.പി കളത്തിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന സൂചന നൽകി നഗരവികസന മന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതർ. എൻ.സി.പിയും കോൺഗ്രസുമായുള്ള സഖ്യമാണ് പ്രശ്നമെങ്കിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ടുകണ്ടാൽ സഖ്യം പുനഃപരിശോധിക്കാമെന്ന ഔദ്യോഗിക പക്ഷത്തിന്റെ 'കീഴടങ്ങലും' തള്ളിയാണ് വിമതരുടെ നീക്കം. ബാൽതാക്കറെയുടെ ഹിന്ദുത്വയുടെ പേരിൽ ബി.ജെ.പിക്കൊപ്പം നിൽക്കണമെന്ന ആവശ്യമാണ് വിമതർ ഉന്നയിക്കുന്നത്.
സ്വതന്ത്രരും വിമതരും ഉൾപടെ 46 പേരുടെ പിന്തുണയാണ് ഷിൻഡെ അവകാശപ്പെടുന്നത്. കൂടുതൽ പേർ വിമത പക്ഷത്ത് എത്തിയതോടെ ബി.ജെ.പിയും നീക്കങ്ങൾ ശക്തമാക്കി. മുൻ മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയി. ഷിൻഡെ ശിവസേനയെ പിളർത്തുന്നതോടെ 106 പേരുള്ള ബി.ജെ.പിക്ക് അവരുടെ പിന്തുണയിൽ ഭരണം പിടിക്കാം.
55 ശിവസേന എം.എൽ.എമാരിൽ 40ലേറെപേർ തനിക്കൊപ്പം ഉണ്ടെന്നാണ് ഏക് നാഥ് ഷിൻഡെ പറയുന്നത്. എന്നാൽ, വിമത ക്യാമ്പിലെ 21ഓളം എം.എൽ.എമാർ മുഖ്യമന്ത്രി ഉദ്ധവുമായി സമ്പർക്കം പുലർത്തുന്നതായി ഉദ്ധവിന്റെ വിശ്വസ്തൻ കൂടിയായ സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. ക്യാമ്പിൽനിന്ന് രണ്ടുപേർ രക്ഷപ്പെട്ടതോടെ വിമതനീക്കം ഗുജറാത്തിലെ സൂറത്തിൽനിന്ന് അസമിലെ ഗുഹവതിയിലേക്ക് മാറ്റിയത് കൂടുതൽ പേർ ചാടിപ്പോകുമെന്ന ഭീതിയെ തുടർന്നാണെന്ന് പറയപ്പെടുന്നു.
സഖ്യമാറ്റത്തെക്കുറിച്ച് സഞ്ജയ് റാവുത്ത് സൂചന നൽകിയെങ്കിലും അവസാന നിമിഷം വരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസും എൻ.സി.പിയും വ്യക്തമാക്കി. 40ലേറെ പേരുടെ വിഡിയോ പ്രദർശിപ്പിക്കുന്നുവെങ്കിലും മതിയായ അംഗബലം ഉറപ്പില്ലാത്തതിനാലാണ് ഏക് നാഥ് ഷിൻഡെ ഉദ്ധവ് സർക്കാറിനെതിരെ അവിശ്വാസവുമായി ഗവർണറെ സമീപിക്കാത്തതെന്നാണ് ഔദ്യോഗിക പക്ഷവും കോൺഗ്രസും എൻ.സി.പിയും കരുതുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേദിയൊരുങ്ങിയാൽ പ്രതിസന്ധി മറികടക്കാമെന്ന് ശിവസേന കരുതുന്നു. സഞ്ജയ് റാവുത്തിന്റെ 'കീഴടങ്ങൽ' പ്രസ്താവന ക്യാമ്പ് പൊളിക്കാനുള്ള തന്ത്രമായി ഷിൻഡെ പക്ഷം സംശയിക്കുന്നു.
വിമതനുവേണ്ടി മുഖ്യമന്ത്രിപദമൊഴിയാൻ തയാറായി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ഔദ്യോഗികവസതിവിട്ട് സ്വന്തം വസതിയിലേക്ക് താമസം മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.