ട്വിസ്റ്റുകൾ നിറഞ്ഞൊരു മഹാനാടകം
text_fieldsമുംബൈ: അപ്രതീക്ഷിത ട്വിസ്റ്റും എരിവും പുളിയുമെല്ലാം നൽകിയ മഹാരാഷ്ട്ര രാഷ്ട്രീയ നാടകം അതിെൻറ പര്യവസാനത്തിലേക്ക്. ഒക്ടോബർ 24നാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്ര ഖ്യാപിച്ചത്. 56 എം.എൽ.എമാരുള്ള തങ്ങളെ കൂടാതെ ഒരു വിധത്തിലും ബി.ജെ.പിക്ക് ഭരിക്കാൻ കഴി യില്ലെന്നു കണ്ട ശിവസേന രണ്ടര വർഷം മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ആവശ്യപ്പെട്ടിടത്തുനിന്നാണ് നാടകത്തിെൻറ തുടക്കം.
ഇരു പാർട്ടികളും തമ്മിൽ തർക്കം മുറുകുമ്പോഴും ഇരുവരും ഒരുമിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നവംബർ ഒമ്പതിന് വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും, അടുത്ത ദിവസം ഭൂരിപക്ഷമില്ലെന്ന് പറഞ്ഞ് ബി.ജെ.പി പിൻവാങ്ങുകയും ചെയ്തതോടെയാണ് നാടകത്തിലെ ആദ്യ ട്വിസ്റ്റ്. കോൺഗ്രസിെൻറയും എൻ.സി.പിയുടെയും സഹായം തേടി സേനയുടെ െനട്ടോട്ടം. രണ്ടാം വലിയ ഒറ്റക്കക്ഷിയായ സേനയെ ഗവർണർ ക്ഷണിച്ചു. സർക്കാറുണ്ടാക്കാൻ സന്നദ്ധത അറിയിച്ച സേനക്ക് പക്ഷേ, പിന്തുണ കത്തുകൾ നേടാൻ ഗവർണർ സമയം നൽകിയില്ല.
എൻ.സി.പിയുടെ ഉൗഴമായിരുന്നു അടുത്തത്. സേനക്ക് നഷ്ടപ്പെട്ട അവസരം എൻ.സി.പിയിലൂടെ കിട്ടുമെന്ന് കരുതിയിരിക്കെ രാഷ്ട്രപതി ഭരണ പ്രഖ്യാപനത്തിലൂടെ മറ്റൊരു ട്വിസ്റ്റ്. പിന്നീട് മാരത്തൺ ചർച്ചകൾക്കൊടുവിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ മഹാ വികാസ് അഗാഡി എന്ന പേരിൽ സഖ്യമായി സർക്കാറുണ്ടാക്കാനും സേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനും തീർച്ചയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഇൗ തീരുമാനം. എന്നാൽ, ഒന്നുറങ്ങി എഴുന്നേറ്റ് കണ്ണുതുറന്നത് അപ്രതീക്ഷിത രംഗങ്ങളിലേക്കായിരുന്നു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്യുന്നു.
പുലരും മുമ്പെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നു. എന്നാൽ, കളി അവിടെ അവസാനിച്ചില്ല. . റാഞ്ചൽ ഭയന്ന് അഗാഡി എം.എൽ.എമാരെ ഹോട്ടലായ ഹോട്ടലുകൾ മാറ്റിമാറ്റി പാർപ്പിക്കുന്നു.
എൻ.സി.പി യെ സംശയിച്ചും മറ്റെന്തെക്കെയൊ പ്രതീക്ഷിച്ചും ഇരിക്കെ ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതിയുടെ വിധി. ബുധനാഴ്ച തന്നെ ഫഡ്നാവിസ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ആരെയൊക്കയൊ അടർത്തി ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കും എന്നു കരുതിയിരിക്കെ ഭൂരിപക്ഷമില്ലെന്ന് പറഞ്ഞ് ഫഡ്നാവിസിെൻറ രാജി. ഇനി ഉദ്ധവും അഗാഡിയും അധികാരത്തിൽ എത്തുന്നതുവരെ കളി കഴിഞ്ഞുവെന്ന് കരുതാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.