തെരഞ്ഞെടുപ്പിന് തയാർ; മഹാരാഷ്ട്രയിൽ 65 സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാന കക്ഷിയായ ശിവസേന (ഉദ്ധവ് വിഭാഗം) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 65 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സീറ്റ് വിഭജനത്തിൽ ധാരണയായത്. ശിവസേനയും കോൺഗ്രസും ശരദ് പവാർ വിഭാഗം എൻ.സി.പിയും 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. 288 അംഗ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ, ശേഷിക്കുന്ന 33 സീറ്റിൽ ചെറു സഖ്യകക്ഷികൾ മത്സരിക്കും.
മുൻ മന്ത്രി ആദിത്യ താക്കറെ സെൻട്രൽ മുംബൈയിലെ വർളി മണ്ഡലത്തിൽനിന്ന് മത്സരിക്കും. യുവസേന നേതാവും താക്കറെയുടെ ബന്ധുവുമായ വരുൺ സർദേശായി ബാന്ദ്ര ഈസ്റ്റിൽ സ്ഥാനാർഥിയായി. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 2022ൽ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
ഷിൻഡെ സ്ഥാനാർഥിയാകുന്ന കോപ്രി-പഞ്ച്പഖാഡി സീറ്റിൽ സേനക്കു വേണ്ടി കേദാർ ദിഘേ മത്സരിക്കും. ഷിൻഡെയുടെ രാഷ്ട്രീയ ഗുരുവും അന്തരിച്ച സേനാ നേതാവുമായ ആനന്ദ് ദിഘേയുടെ അനന്തരവനാണ് കേദാർ. ഭരണകക്ഷിയായ മഹായുതി സഖ്യവും വലിയ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. ഷിൻഡെ വിഭാഗം സേനക്കൊപ്പം ബി.ജെ.പിയും അജിത് പവാർ വിഭാഗം എൻ.സി.പിയുമാണ് മഹായുതിയിലെ മറ്റ് കക്ഷികൾ.
ഷിൻഡെ പക്ഷം 45 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
മുംബൈ: ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 45 പേരുടെ പട്ടികയാണ് ചൊവ്വാഴ്ച അർധരാത്രിയോടെ പ്രഖ്യാപിച്ചത്. 41 പേർ സിറ്റിങ് എം.എൽ.എമാരാണ്. എം.എൽ.എ ആയിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവരുടെ അടുത്ത ബന്ധുക്കൾക്കാണ് ശേഷിച്ച സീറ്റുകൾ നൽകിയത്.
ഷിൻഡെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സന്ദീപൻ ഭുംരെയുടെ മകൻ വിലാസ് ഭുംരെ, ഉദയ് സാമന്തിന്റെ സഹോദരൻ കിരൻ രവീന്ദ്ര സാമന്ത് എന്നിവർക്കും രവീന്ദ്ര വായ്ക്കറുടെ ഭാര്യ മനീഷ വായ്കർക്കുമാണ് പുതുതായി സീറ്റ് നൽകിയത്. ഇതോടെ ഭരണപക്ഷമായ മഹായൂത്തി 182 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 288 സീറ്റുകളാണുള്ളത്. ബി.ജെ.പി 99ഉം ഷിൻഡെ 45ഉം അജിത് പവാർ പക്ഷ എൻ.സി.പി 38ഉം സീറ്റുകളിലേക്കാണ് ഇതുവരെ പ്രഖ്യാപിച്ചത്.
അതേസമയം, കല്യാൺ ഈസ്റ്റിൽ ഉൾപ്പെടെ നാല് ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് ഷിൻഡെ പക്ഷം വ്യക്തമാക്കി. കല്യാണിൽ ഷിൻഡെ പക്ഷ നേതാവിനു നേരെ പൊലീസ് സ്റ്റേഷനിൽ വെടിയുതിർത്ത ഗണപത് ഗെയിക്വാദിന്റെ ഭാര്യ സുലഭ ഗെയിക്വാദാണ് ബി.ജെ.പി സ്ഥാനാർഥി. ഗണപത് ആണ് സിറ്റിങ് എം.എൽ.എ. അദ്ദേഹം ജയിലിലായതിനാൽ ഭാര്യക്ക് സീറ്റ് നൽകുകയായിരുന്നു.
നവംബർ 20നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി -105, ശിവസേന -56, കോൺഗ്രസ് -44 എന്നിങ്ങനെയായിരുന്നു കക്ഷിനില. ശിവസേന - കോൺഗ്രസ് - എൻ.സി.പി മാഹാവികാസ് അഘാഡി സഖ്യത്തിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചെങ്കിലും, ഷിൻഡെ മറുകണ്ടം ചാടിയതോടെ മഹായുതി സഖ്യം നിലവിൽ വരികയും അധികാരം പിടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.