മഹാരാഷ്ട്ര: ശിവസേനക്ക് ആഭ്യന്തരം; ധനകാര്യം എൻ.സി.പിക്കും റവന്യൂ കോൺഗ്രസിനും
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറില്‍ വകുപ്പ് വിഭജനം ധാരണയായി. ആഭ്യന്തരം, നഗരവികസനം, ടൂറിസം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ ശിവസേനക്കും ധനകാര്യം, പാര്‍പ്പിടം, പൊതുവിതരണം, ന്യൂനപക്ഷകാര്യം തുടങ്ങിയ വകുപ്പുകള്‍ എന്‍.സി.പിക്കും റവന്യൂ, ഊർജം, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസിനും നൽകി.
ആഭ്യന്തരം, നഗരവികസനം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് വിഭജനം നീളാന്‍ കാരണമായത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം ആറു പേരാണ് രണ്ടാഴ്ചമുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 43 വരെ മന്ത്രിമാരാകാം. മന്ത്രിസഭ വികസനം ശീതകാല നിയമസഭ സമ്മേളനത്തിന് ശേഷമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തിങ്കളാഴ്ചയാണ് സഭ തുടങ്ങുന്നത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വകുപ്പുകള്‍ ഏറ്റെടുത്തിട്ടില്ല. ശിവസേനയുടെ ഏക്നാഥ് ഷിൻഡെയാണ് ആഭ്യന്തര മന്ത്രി. എന്‍.സി.പിയിലെ ജയന്ത് പാട്ടീലിനാണ് ധനകാര്യം. കോണ്‍ഗ്രസിലെ ബാലാസാഹെബ് തോറാത്താണ് റവന്യൂ മന്ത്രി.
മന്ത്രിസഭ വികസിപ്പിക്കുന്നതുവരെ മറ്റു വകുപ്പുകളും നിലവിലെ ആറ് മന്ത്രിമാര്‍ക്കിടയില്‍ താല്കാലികമായി വിഭജിച്ചു. സുഭാഷ് ദേശായി (ശിവസേന), ഗ്രാമ വികസന മന്ത്രി ഛഗന്‍ ഭുജ്ബൽ (എന്‍.സി.പി), ആദിവാസി ക്ഷേമ മന്ത്രി നിതിന്‍ റൗത്ത് (കോണ്‍ഗ്രസ്) എന്നിവരാണ് മറ്റ് മന്ത്രിമാര്‍.
അരിശം പരസ്യമാക്കി പങ്കജ മുണ്ടെ
മുംബൈ: ദേവേന്ദ്ര ഫഡ്നാവിസിനോടും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തോടുമുള്ള അരിശം പരസ്യമാക്കി മുന്‍ മന്ത്രി പങ്കജ മുണ്ടെ. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന അച്ഛന് ഗോപിനാഥ് മുണ്ടെയുടെ ജന്മദിനമായ വ്യാഴാഴ്ച ബീഡില്‍ നടന്ന പൊതുയോഗത്തിലാണ് പങ്കജ മൗനം വെടിഞ്ഞത്.
പാര്‍ട്ടിയില്‍നിന്ന് രാജിവെപ്പിക്കാന്‍ സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതായും താനായിട്ട് പാര്‍ട്ടി വിടില്ലെന്നും തന്നെ വേണ്ടെങ്കില്‍ നേതൃത്വത്തിന് പുറത്താക്കാമെന്നും പറഞ്ഞ പങ്കജ എന്നാല്‍, താനിനി ബി.ജെ.പിയുടെ ഉന്നതാധികാര സമിതിയില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. പിതാവിെൻറ പേരിലുള്ള ഗോപിനാഥ് മുണ്ടെ പരിശ്താനിലൂടെ പ്രവര്‍ത്തനം തുടരുമെന്നും ജനുവരിയില്‍ സംസ്ഥാനത്തുടനീളം ടോര്‍ച്ചുമായി പര്യടനം നടത്തുമെന്നും അടുത്തമാസം 27ന് ഒൗറംഗാബാദില്‍ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഒഴികെ ദേവേന്ദ്ര ഫഡ്നാവിസുമായി ഉടക്കിനില്‍ക്കുന്ന ബി.ജെ.പി നേതാക്കൾ മാത്രമാണ് റാലിയില്‍ പങ്കെടുത്തത്. ഏക്നാഥ് ഖഡ്സെ, പ്രകാശ് മേത്ത എന്നിവരാണ് ഉടക്കിനില്ക്കുന്നവരില് പ്രമുഖര്‍. പാര്‍ട്ടിയില്‍ ചിലര്‍ തന്നെ ഉന്നതപദമോഹിയായും പാര്‍ട്ടിയെ സമ്മര്ദത്തിലാക്കുന്നവളായും മുദ്രകുത്തിയതായി പങ്കജ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.