രാജ്യസഭാ തെരഞ്ഞെടുപ്പ് : മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ വൈകുന്നു
text_fieldsമുംബൈ: ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ വൈകുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വോട്ടെണ്ണൽ ആരംഭിക്കാത്തതെന്നാണ് സൂചന. സുഹാസ് കാംദേ ( ശിവസേന ), മന്ത്രിമാരായ ജിതേന്ദ്ര അവാദ് ( എൻസിപി ), യശോമതി താക്കൂർ ( കോൺഗ്രസ് ) എന്നിവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രേഖപ്പെടുത്തിയ വോട്ട് ഇവർ പരസ്യപ്പെടുത്തി എന്നാണ് ആരോപണം. ഉച്ചയ്ക്ക് മൂന്നോടെ എംഎൽഎമാർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. വൈകിട്ട് അഞ്ചിനാണ് വോട്ടെണ്ണൽ തുടങ്ങേണ്ടിയിരുന്നത്.
ഒഴിവുവന്ന ആറ് സീറ്റുകളിലേക്ക് ഏഴ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നതോടെ കടുത്ത മത്സരമാണ് നടക്കുന്നത്. രണ്ടുപേരെ തിരഞ്ഞെടുക്കാൻ ശേഷിയുള്ള ബിജെപി മൂന്നു സ്ഥാനാർഥികളെയും ഒരാളെ തെരഞ്ഞെടുക്കാൻ അംഗബലമുള്ള ശിവസേന രണ്ട് സ്ഥാനാർഥികളെയും നിറുത്തിയതോടെ ഇരുപാർട്ടികളും തമ്മിൽ അഭിമാന പോരാട്ടത്തിലാണ്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ എന്നിവർക്കു പുറമേ ധനഞ്ജയ് മഹാദിക്കിനെ കൂടി ബിജെപി രംഗത്തിറക്കി. സഞ്ജയ് റാവുത്തിനു പുറമേ സഞ്ജയ് പവാറിനെയും ശിവസേന രംഗത്തിറക്കിയതോടെയാണ് മത്സരത്തിന് വഴിയൊരുങ്ങിയത്. മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ ആണ് എൻസിപിയുടെ സ്ഥാനാർഥി. ഉർദു കവിയും ഉത്തർപ്രദേശ് ന്യൂനപക്ഷ സെൽ നേതാവുമായ ഇമ്രാൻ പ്രതാപ്ഗരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനാണ്. ഉപാധികളോടെയാണ് രണ്ടു മജ്‌ലിസ് എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. കള്ളപ്പണ കേസിൽ ജയിലിൽ കഴിയുന്ന എൻ സി പി നേതാക്കളായ മന്ത്രി നവാബ് മാലിക്, മുൻ മന്ത്രി അനിൽ ദേശ്മുഖ് എന്നിവർക്ക് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാൻ അനുമതിതേടി ഇരുവരും നൽകിയ ഹരജികൾ പ്രത്യേകകോടതിയും പിന്നീട് ബോംബെ ഹൈകോടതിയും തള്ളി. 288 എംഎൽഎമാരാണ് മഹാരാഷ്ട്രയിലുള്ളത്. ഇവരിൽ 285 പേർ വോട്ട് രേഖപ്പെടുത്തി.
ബിജെപി എം എൽ എ സുധീർ മുങ്കൻ തീവറിനെതിരെ കൊണ്ഗ്രസ്സും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതികളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കമ്മീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.