മഹാരാഷ്ട്ര: മുഖ്യമന്ത്രിയുടെ വസതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട ചീഫ് വിപ്പിനെ തന്നെ മാറ്റി വിമതർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടി സർക്കാറിന്‍റെ ഭാവി തുലാസിലായിരിക്കെ ശിവസേനയിൽ പ്രതിസന്ധി രൂക്ഷം. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട ഔദ്യോഗിക പക്ഷത്തെ ചീഫ് വിപ്പ് സുനിൽ പ്രഭുവിനെ വിമത പക്ഷം പദവിയിൽ നിന്നും മാറ്റി. പകരം ഭാരത് ഗോഗാവലെയെ ചീഫ് വിപ്പായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് 34 വിമത ശിവസേന എം.എൽ.എമാർ ഒപ്പിട്ട കത്ത് നിയമസഭ സ്പീക്കർക്ക് നൽകി. ആകെ 55 എം.എൽ.എമാരാണ് ശിവസേനക്കുള്ളത്.
ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി ഏക്നാഥ് ഷിൻഡെയെ വിമത എം.എൽ.എമാർ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ന് വൈകീട്ട് ഹാജരാകാൻ എം.എല്‍.എമാര്‍ക്ക് അന്ത്യശാസനം നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ട് വെല്ലുവിളിച്ച് ഷിന്‍ഡെ രംഗത്തെത്തി. ഇന്നത്തെ യോഗത്തിനെത്താന്‍ എം.എൽ.എമാര്‍ക്ക് ഔദ്യോഗിക പക്ഷത്തെ ചീഫ് വിപ്പ് സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.
ശിവസേനയിലെ 40 എം.എൽ.എമാരുടെയും ആറ് വിമതരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. സർക്കാറിലെ അഴിമതിയിലും ശിവസേനയുടെ നയങ്ങളിൽ നിന്ന് ഉദ്ദവ് താക്കറെ വ്യതിചലിച്ചതുമാണ് തങ്ങളിൽ അതൃപ്തിയുണ്ടാക്കിയതെന്ന് വിമത എം.എൽ.എമാർ പറഞ്ഞു. അനിൽ ദേശ്മുഖ്, നവാബ് മാലിക് എന്നീ മന്ത്രിമാർ അഴിമതിക്കേസിൽ ജയിലിൽ കിടക്കുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. ആശയപരമായി ഒന്നിച്ചുപോകാനാകാത്ത കക്ഷികളുമായി ചേർന്ന് അധികാരം മാത്രം ലക്ഷ്യമിട്ട് സഖ്യമുണ്ടാക്കിയെന്നും വിമതർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഏക് നാഥ് ഷിൻഡെ പാർട്ടി എം.എൽ.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്. തെരഞ്ഞെടുപ്പിൽ ഭരണപക്ഷ എം.എൽ.എമാർ കൂറുമാറി വോട്ടുചെയ്തതിനാൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചിരുന്നു. തുടർന്നാണ് ഷിൻഡെ എം.എൽ.എമാരുമായി സംസ്ഥാനം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.