കട തുറന്നതിന് പൊലീസിന്‍റെ ക്രൂരമർദനമേറ്റ ബാർബർഷോപ് ഉടമ മരിച്ചു
text_fieldsമുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബാർബർഷോപ് തുറന്നതിന് പൊലീസുകാർ മർദിച്ച കടയുടമ മരിച്ചു. ഫിറോസ് ഖാൻ (50) എന്നയാളാണ് മരിച്ചത്. ഇതേത്തുടർന്ന് പ്രദേശവാസികൾ ഉസ്മാൻപുര പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ബാർബർഷോപ് തുറന്ന ഫിറോസ് ഖാനെ എസ്.ഐ പർവീൻ വാഗും ഹെഡ് കോൺസ്റ്റബിളും ചേർന്ന് മർദിക്കുകയായിരുന്നു. മർദനമേറ്റ് ബോധം നഷ്ടമായ ഫിറോസ് ഖാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തുടർന്ന് ഫിറോസ് ഖാന്‍റെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം.
ഔറംഗബാദ് എം.പി ഇംതിയാസ് ജലീൽ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് അന്വേഷണം നടത്തുമെന്നും പൊലീസുകാരെ സ്ഥലംമാറ്റുമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.