ലവ് ജിഹാദ്: നിയമ നിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര; ഏഴംഗ സമിതി രൂപവത്കരിച്ചു, എതിർപ്പുമായി പ്രതിപക്ഷം
text_fieldsമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ‘ലവ് ജിഹാദി’നെതിരെ നിർമാണത്തിന് സർക്കാർ തയാറെടുക്കുന്നു. ഇതിന്‍റെ സാധ്യതാപഠനത്തിനായി ഡി.ജി.പി അധ്യക്ഷനായ ഏഴംഗ സമിതി രൂപവത്കരിച്ചു. സംസ്ഥാന ഡിജിപിയടക്കം ഏഴുപേരാണ് കമ്മിറ്റിയിൽ ഉണ്ടാവുക. വനിതാ ശിശുക്ഷേമ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നിയമ-നീതിന്യായ വകുപ്പ്, സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മറ്റംഗങ്ങൾ.
വെള്ളിയാഴ്ച വൈകുന്നേരമാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജൻ വിജ്ഞാപനത്തിൽ ഒപ്പുവച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പുതിയ നീക്കം.
‘ലവ് ജിഹാദും നിർബന്ധിത മതപരിവർത്തനവും തടയാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, പൗരന്മാർ എന്നിവർ സംസ്ഥാന സർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു. ചില സംസ്ഥാനങ്ങൾ ഇതിനകം നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കാനും ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനങ്ങൾ, വഞ്ചനയിലൂടെയുള്ള മതപരിവർത്തനങ്ങൾ എന്നിവ തടയാനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്’ -സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
അതേസമയം, പ്രതിപക്ഷം സർക്കാറിന്‍റെ തീരുമാനത്തിൽ എതിർപ്പറിയിച്ച് രംഗത്തുവന്നു. വിവാഹവും പ്രണയവുമെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുലെ വ്യക്തമാക്കി. തീരുമാനം ഏകപക്ഷീയമാണെന്നും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമാണെന്നും മഹാരാഷ്ട്ര സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അബു അസിം ആസ്മി പറഞ്ഞു.
‘ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. അവർക്ക് ഇഷ്ടമുള്ള നിയമം ഉണ്ടാക്കാം. മുസ്ലിം ആൺകുട്ടികളും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്. മുസ്ലിം പെൺകുട്ടികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നുണ്ട്. ഇതിനുള്ള അവകാശം ഭരണഘടന നൽകുന്നു. അവർ അതിനനുസരിച്ച് ഇഷ്ടം പോലെ ചെയ്യുന്നു. നമുക്ക് അതിൽ ഒന്നും ചെയ്യാനില്ല’ -അബു അസിം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.