മട്ടുപാവിൽ വിമാനം നിർമ്മിച്ചയാൾക്ക് 35000 കോടിയുടെ കരാർ
text_fieldsമുംബൈ: മട്ടുപാവിൽ നിർമ്മിച്ച ആദ്യ വിമാനത്തിന് ശേഷം ഇനി സർക്കാറിനായി വിമാനമുണ്ടാക്കാനുള്ള കരാറിൽ ഒപ്പിട്ടിരിക്കുകയാണ് മുംബൈയിലെ അമോൾ യാദവ് എന്നയാൾ. അമോലിന്‍റെ കമ്പനിയായ തേർസ്റ്റ് എയർക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ആറു സീറ്റ് വിമാനം വ്യോമയാന വിഭാഗം അംഗീകരിച്ചതോടെയാണ് 35000 കോടി രൂപയുടെ കരാറിൽ മഹാരാഷ്ട്ര സർക്കാർ ഒപ്പു വെച്ചത്. ഇതിന്‍റെ ഭാഗമായി മഹാരാഷ്ട്ര ഇൻവെസ്റ്റേഴ്സ് സമ്മിറ്റ് അമോലിന്‍റെ കമ്പനിക്കായി 157 ഏക്കർ സ്ഥലവും അനുവദിക്കും.
ആറ് വർഷത്തെ അധ്വാനത്തിന്‍റെ ഫലമായാണ് യാദവ് തന്‍റെ വിമാനം നിർമ്മിച്ചത്. ഇതിനായി തന്‍റെ വീട് വിൽക്കുകയും നാല് കോടിയിലധികം ചിലവഴിക്കുകയും ചെയ്യ്തു. നിർമാണ പ്രവർത്തനങ്ങൾ ഏറെയും വീടിന്‍റെ മട്ടുപാവിലായിരുന്നു. 2016ലെ മേക്ക് ഇൻ ഇന്ത്യയിൽ വിമാനം പ്രദർശിപ്പിച്ചിരുന്നു. റിട്ടയർഡ് എയർ മാർഷൽ മുരളി സുന്ദരത്തിന്‍റെ മാർഗ നിർദേശത്തിൽ നിർമിച്ച വിമാനത്തിന് 10.8 അടിയാണ് ഉയരം, പൂർണമായും അലുമിനിയത്തിലാണ് നിർമ്മാണം.
വിമാനം നിർമിച്ചെങ്കിലും സർക്കാറിൽ നിന്നും അനുവാദം ലഭിക്കാൻ പിന്നെയും ഒരുപാട് നാളെടുത്തു. ഇതിനിടയിൽ പലവട്ടം സർക്കാർ പറക്കലിന് അനുമതി നിഷേധിച്ചു. തുടർന്ന് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിട്ടു കണ്ട് അപേക്ഷിച്ചു. അത് ഫലം കണ്ടു. സർക്കാർ ഇടപെടലിലൂടെ പരിശോധനകൾ വേഗത്തിലാക്കി. ഒടുവിൽ 2017 നവംബറിൽ വിമാനം രജിസ്റ്റർ ചെയ്തു.
പദ്ധതി അനുവദിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അമോൾ യാദവ് പറഞ്ഞു. പൂർണ ഉത്തരവാദിത്തവും താൻ വഹിക്കും. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും നന്ദി പറയാനും അമോൾ മറന്നില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.