പശു ഗുണ്ടകൾക്കായി മഹാരാഷ്ട്ര സ്പീക്കർ രംഗത്ത്; സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് കർശന നിർദേശം
text_fieldsമുംബൈ: പശുവിന്റെ പേരിൽ ഒരുമാസത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ട മഹാരാഷ്ട്രയിൽ പശുഗുണ്ടകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സ്പീക്കർ രാഹുൽ നർവേക്കർ രംഗത്ത്. അയൽസംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ കയറ്റിയയക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ അതിർത്തികൾ അടക്കണെമന്നും സ്പീക്കർ പൊലീസിനോട് ആവശ്യപ്പെട്ടു.
സെൻസിറ്റീവ് ഏരിയകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. പട്രോളിംഗ് നടത്തുകയും സ്ക്വാഡുകൾ രൂപീകരിക്കയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാൾ കാലമായതിനാൽ അറവിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുമായും നന്ദേഡ് എസ്.ഐയുമായി കൂടിക്കാഴ്ച നടത്തിയതായും നർവേക്കർ കൂട്ടിച്ചേർത്തു.
"സെൻസിറ്റീവ് ആയ പ്രദേശങ്ങൾ സന്ദർശിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ എത്തിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കും. ഗോ സംരക്ഷകർക്ക് സുരക്ഷയുറപ്പാക്കാനും ആവശ്യമെങ്കിൽ അതിർത്തികൾ അടക്കാനും നിർദേശിച്ചിട്ടുണ്ട്"- നർവേക്കർ പറഞ്ഞു.
ജൂൺ 24നാണ് നാസിക്കിൽ യുവാവിനെ പശുഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയത്. മാംസം കടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 11 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഒരു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കുർളയിൽനിന്നുള്ള അഫാൻ അൻസാരിയാണ് (32) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാസർഷെയ്ഖിന് ആക്രമണത്തിൽ പരിക്കേറ്റു. പശുസംരക്ഷകരായ ഒരു സംഘമായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നാസിക്കിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു അൻസാരിയും നാസർ ഷെയ്ഖും. വഴിയിൽവെച്ച് പശുഗുണ്ടകൾ ഇവരെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പൊലീസെത്തി അഫാൻ അൻസാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ എട്ടിന് നാസിക്കിൽ പശുഗുണ്ടകളുടെ മർദനമേറ്റ് ലുഖ്മാൻ അൻസാരി (23) എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. ഇഗത്പുരിയിലായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.