ആദ്യ കടമ്പ കടന്ന് ഷിൻഡെ; രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ആദ്യ കടമ്പ കടന്ന് ഏക്നാഥ് ഷിൻഡെ സർക്കാർ. സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന വിമതപക്ഷത്തിന്റെ സ്ഥാനാർഥി രാഹുൽ നർവേക്കർക്കു ജയം. ശിവസേന വിമതരുടെയും ബി.ജെ.പി എം.എൽ.മാരുടെയും അടക്കം നർവേക്കർക്ക് 164 പേരുടെ പിന്തുണയാണ് ലഭിച്ചത്. ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തിലെ രാജന്‍ സാല്‍വിയായിരുന്നു മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. രാജന്‍ സാല്‍വിക്ക് 107 വോട്ടുകൾ ലഭിച്ചു. വോട്ടെടുപ്പിൽ നിന്ന് സമാജ്‍വാദി പാർട്ടി വിട്ടുനിന്നു.
പാർട്ടി നേതൃത്വം ഏറ്റെടുക്കാനായി 2021 ഫെബ്രുവരിയിൽ കോൺഗ്രസ് എം.എൽ.എ നാന പട്ടോൽ രാജിവെച്ചതോടെ സ്പീക്കർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളായിരുന്നു ആക്റ്റിങ് സ്പീക്കറായി പ്രവർത്തിച്ചത്.
മുംബൈയിലെ കൊളാബ നിയോജക മണ്ഡലത്തിലെ എം.എൽ.എ ആണ് രാഹുൽ നർവേക്കർ. മുതിർന്ന എൻ.സി.പി നേതാവ് രാംരാജ് നായിക് നിംബാൽകറിന്റെ മരുമകനാണിദ്ദേഹം. ആദ്യകാലങ്ങളിൽ ശിവസേന യുവപക്ഷത്തിന്റെ വക്താവായിരുന്നു നർവേക്കർ. പിന്നീട് ശിവസേന വിട്ട് 2014ൽ എൻ.സി.പിയിൽ ചേർന്നു. 2019ലാണ് ബി.ജെ.പിയിൽ അംഗമായത്.
ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകത്തിനു ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ പരീക്ഷണമായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു ശേഷം ആദ്യമായാണ് ശിവസേനയിലെ വിമതരും ഔദ്യോഗിക പക്ഷവും സഭയിൽ നേരിട്ടെത്തുന്നത്.
നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിന്റെ സെമിഫൈനൽ ആയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഗോവയിലുള്ള വിമത ശിവസേന എം.എല്‍.എ. മാര്‍ ശനിയാഴ്ച മുംബൈയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.