ശിവസേന വിമതരുടെ അയോഗ്യത: എം.എൽ.എമാരുടെ മറുപടി തേടി സ്പീക്കർ
text_fieldsമുംബൈ: അയോഗ്യരാക്കണമെന്ന ഹരജിയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം ശിവസേന വിമത എം.എൽ.എമാരോട് മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നർവേക്കർ മറുപടി തേടി. 38 വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണയായി ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹരജിയിലാണ് മറുപടി തേടിയത്.
ഒപ്പം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ പക്ഷം നൽകിയ ഹരജിയിൽ ഔദ്യോഗികപക്ഷ എം.എൽ.എമാരോടും സ്പീക്കർ മറുപടി തേടി. അയോഗ്യത ഹരജികളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ കഴിഞ്ഞ മേയ് 11ന് സുപ്രീംകോടതി സ്പീക്കർക്ക് നിർദേശം നൽകിയിരുന്നു.
നടപടി വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി ഉദ്ധവ് പക്ഷ ചീഫ് വിപ്പ് സുനിൽ പ്രഭു കഴിഞ്ഞദിവസം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജികൾ നൽകി ഒരു വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പക്ഷ പ്രതിനിധികൾ രണ്ടുവട്ടം സ്പീക്കറെ നേരിൽ കണ്ടിട്ടും ഹരജികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് സുനിൽ പ്രഭു സുപ്രീംകോടതിയിൽ ആരോപിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയിലും പിളർപ്പുണ്ടായതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
ഇതോടെ, സുപ്രീംകോടതിയുടെ വിമർശനത്തിന് ഇടംനൽകാതെ അയോഗ്യത ഹരജികളിൽ തീർപ്പു കൽപിക്കാനുള്ള തിടുക്കത്തിലാണ് സ്പീക്കറെന്നറിയുന്നു. എം.എൽ.എമാരുടെ അയോഗ്യത ഹരജികൾ ആദ്യം പരിഗണിക്കേണ്ടത് സ്പീക്കറാണെന്നും അതിൽ അപാകതയുണ്ടെങ്കിൽ മാത്രമെ കോടതി ഇടപെടുകയുള്ളൂവെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. അയോഗ്യത ഹരജികളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെ ഗവർണർ, സ്പീക്കർ എന്നിവർക്കും വിമത പക്ഷത്തിനും എതിരായ പരാമർശങ്ങളാണ് സുപ്രീംകോടതി നടത്തിയത്.
ബി.ജെ.പിയിൽ അസ്വസ്ഥതയുണ്ട്; പങ്കജയെ അനുനയിപ്പിക്കും -ഫഡ്നാവിസ്
മുംബൈ: ശിവസേന, എൻ.സി.പി വിമതരെ ഭരണപക്ഷത്ത് ഒപ്പം കൂട്ടിയതിൽ ബി.ജെ.പിക്കകത്ത് അസ്വസ്ഥതയുണ്ടെന്ന് വെളിപ്പെടുത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബി.ജെ.പി ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ പങ്കജ മുണ്ടെ നീരസം പരസ്യമായി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ.
എതിരാളികളായി കണ്ടവർ പെട്ടെന്ന് ഒപ്പം ചേരുന്നത് ഒറ്റ ദിവസം കൊണ്ട് മറ്റുള്ളവർക്ക് അംഗീകരിക്കാനാകില്ല. അവരെ സാഹചര്യങ്ങളും കാരണങ്ങളും പറഞ്ഞു മനസ്സിലാക്കിക്കും. പങ്കജ മുണ്ടെയുമായി മുതിർന്ന നേതാക്കൾ സംസാരിക്കുമെന്നും അവർ പാർട്ടിയിൽ തുടരുമെന്നും ഫഡ്നാവിസ് പറഞ്ഞു.
പങ്കജക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ടാകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.ബി.ജെ.പിയിൽ അവഗണന നേരിടുന്ന പങ്കജ കോൺഗ്രസിൽ ചേരുമെന്നും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കണ്ടതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഭ്യൂഹങ്ങൾ പങ്കജ നിഷേധിച്ചെങ്കിലും നിലവിൽ പാർട്ടിയിൽ നടക്കുന്നത് തന്നെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് പറഞ്ഞിരുന്നു. കാൽനൂറ്റാണ്ടായി പാർട്ടിപ്രവർത്തനത്തിൽ സജീവമായിരുന്ന താൻ രണ്ടുമാസത്തേക്ക് അവധിയെടുക്കുകയാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം. നൂറു ശതമാനം ബി.ജെ.പിയെന്ന തെരഞ്ഞെടുപ്പ് നയത്തിൽ നിന്നും പാർട്ടി നേതൃത്വം വ്യതിചലിക്കുന്നതിൽ അസ്വസ്ഥതയുണ്ട്. ശിവസേന, എൻ.സി.പി വിമതരെ ഒപ്പം കൂട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നിർദേശപ്രകാരമാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കീഴ് ഘടകങ്ങൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.