മഹാരാഷ്ട്ര: ചിത്രം ഇന്ന് തെളിഞ്ഞേക്കും; സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇരു മുന്നണികളുടെയും സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിൽ. തിങ്കളാഴ്ചയോടെ സ്ഥാനാർഥി പട്ടിക പൂർണമാകും. നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്. ബി.ജെ.പി (121), ഷിൻഡെ പക്ഷ ശിവസേന (45), അജിത് പവാർ പക്ഷ എൻ.സി.പി (49), സഖ്യ മഹായൂതി 288ൽ 215 സീറ്റുകളിലേക്ക് ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിലേക്ക് മഹായൂതിയെ പിന്തുണക്കുന്ന ചെറുകക്ഷികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് (87), ഉദ്ധവ് പക്ഷ ശിവസേന (85), പവാർ പക്ഷ എൻ.സി.പി (76) എന്നിവരടങ്ങിയ എം.വി.എ 248 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം.വി.എയെ പിന്തുണക്കുന്ന ചെറുകക്ഷികൾ 15 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ചില സീറ്റുകളിൽ ഉദ്ധവ് പക്ഷം നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചർച്ചയും നടക്കുന്നു. വിമത നീക്കങ്ങളാണ് ഇരു മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളി. മുംബൈയിലെ മാഹിം സീറ്റിൽ ഷിൻഡെ പക്ഷ സിറ്റിങ് എം.എൽ.എ സദാ സർവങ്കറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിൽ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയും മത്സരിക്കുന്നുണ്ട്. അമിതിന് വേണ്ടി സാദ സർവങ്കറെ പിൻവലിക്കാൻ ബി.ജെ.പി സമ്മർദം ചെലുത്തുന്നു.
ഷിൻഡെ ഇടപെട്ടിട്ടും സർവങ്കർ ഇതുവരെ വഴങ്ങിയിട്ടില്ല. നാസികിലെ ദേവ്ലാലിയിൽനിന്നുള്ള മുൻ എം.എൽ.എ ബബൻ റാവു ഘൊലാപ് വിട്ട് ഉദ്ധവ് താക്കറെ പക്ഷത്തേക്ക് പോയത് ഷിൻഡെ പക്ഷത്തിന് തിരിച്ചടിയായി. ഘൊലാപിന്റെ മകൻ യോഗേഷിനാണ് ദേവ്ലാലിയിൽ ഉദ്ധവ് പക്ഷം സീറ്റ് നൽകിയത്. അതേസമയം, എൻ.ഡി.എ സഖ്യകക്ഷി റിപ്പബ്ലിക്കൻ പാർട്ടി (എ) വിഭാഗം അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവ്ലെ തന്റെ പാർട്ടിക്ക് സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു.
ഞായറാഴ്ച ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട ശേഷം തന്റെ പാർട്ടിയെ മഹായൂതി അവഗണിച്ചതായി അദ്ദേഹം ആരോപിച്ചു. രണ്ട് സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.