മറാത്ത ക്വാട്ട പ്രതിഷേധം: സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ
text_fieldsമുബൈ: മറാത്ത ക്വാട്ട പ്രതിഷേധത്തിൽ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുന്നതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന മനോജ് ജാരങ്കെയോട് നിരാഹാരം അവസാനിപ്പിക്കാനും അദ്ദേഹം അവശ്യപ്പെട്ടു.
സമരക്കാർക്കെതിരെ ലാത്തിചാർജ് നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. മറാത്ത ക്വാട്ട പ്രതിഷേധത്തെത്തുടർന്ന് മുംബൈയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
"മഹാരാഷ്ട്ര ഒരു പുരോഗമന സംസ്ഥാനമാണ്. എല്ലാ സമുദായങ്ങൾക്കിടയിലും ഐക്യവും സമാധാനവും ഞങ്ങൾ ആഗ്രഹിക്കുന്നു. മനോജ് ജാരങ്കെ നിരാഹാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളും പ്രമേയം പാസാക്കി. നിരാഹാരം അവസാനിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് വ്യക്തിപരമായി അഭ്യർഥിക്കുന്നു. മറാത്ത ക്വാട്ട വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സമയം ആവശ്യമാണ്"- ഏക്നാഥ് ഷിൻഡെ പറഞ്ഞു.
മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ആഗസ്റ്റ് 29 മുതൽ ജൽന ജില്ലയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. നിരാഹാര സമരം തുടരുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ക്വാട്ട വിഷയത്തിൽ സർക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മനോജ് ജാരങ്കെ തിങ്കളാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.