പൊതുവേദിയിൽ ഏറ്റുമുട്ടി ഉദ്ധവ് താക്കറെയും കേന്ദ്രമന്ത്രി റാണെയും
text_fieldsമുംബൈ: പൊതുവേദിയിൽ തമ്മിലടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കേന്ദ്രമന്ത്രി നാരായൺ റാണെയും. കടുത്ത ശത്രുക്കളായി അറിയെപ്പടുന്ന ഇരുവരും സിന്ധുദുർഗിലെ ചിപ്പി വിമാനത്താവള ഉദ്ഘാടന വേദിയിലാണ് തമ്മിലടിച്ചത്. നാരായൺ റാണെ ശിവസേന വിട്ടതിനു ശേഷം മൂന്നാം തവണയാണ് ഉദ്ധവുമായി വേദി പങ്കിടുന്നത്.
കേന്ദ്ര മന്ത്രിയായ ശേഷം ആശിർവാദ് യാത്രക്കിടെ റാണെയെ അറസ്റ്റ് ചെയ്ത സംഭവം ഇരുവർക്കുമിടയിലെ പോരിന് മൂർച്ച കൂട്ടിയിരുന്നു.പണ്ട് ചിപ്പി വിമാനത്താവളത്തെ എതിർത്തവരാണ് ഇന്ന് വേദിയിലിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു റാണെയുടെ തുടക്കം. വിമാനത്താവളത്തിൽ സൗകര്യമില്ലെന്നും കുണ്ടുംകുഴിയും കാണാനാണോ ആളുകൾ വരേണ്ടതെന്നും ചോദിച്ച റാണെ ബാൽ താക്കറെ നുണയന്മാരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.
നല്ലകാര്യങ്ങൾ നടക്കുമ്പോൾ പിശാചിനെ ഒാടിക്കാൻ കറുത്ത കുത്തിടുന്നത് പോലൊരു കറുത്ത കുത്ത് ഉദ്ഘാടന വേദിയിലുമുണ്ടെന്ന് പറഞ്ഞാണ് ഉദ്ധവ് തിരിച്ചടിച്ചത്. സിന്ധു ദുർഗ് കോട്ട ശിവജിയാണ് പണിതതെന്ന് ഒാർമിപ്പിക്കുകയാണെന്നും ഇല്ലെങ്കിൽ ഇവിടെ ചിലർ അത് പണിതതിെൻറ അവകാശം ഉന്നയിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണയന്മാരെ ബാൽ താക്കറെക്ക് ഇഷ്ടമല്ലെന്നത് ശരിയാണെന്നും നുണ പറഞ്ഞവരെ പാർട്ടിയിൽ നിന്ന് എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉദ്ധവ് തിരിച്ചടിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.