മഹാരാഷ്ട്ര: ഉദ്ധവും പവാറും ഇനി എന്തുചെയ്യും
text_fieldsമുംബൈ: നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയിൽ ഞെട്ടൽമാറാതെ എൻ.സി.പി-എസ്.പി അധ്യക്ഷൻ ശരദ് പവാറും ശിവസേന-യു.ബി.ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയും. തെരഞ്ഞെടുപ്പു ഫലം അവിശ്വസനീയമെന്ന് ഉദ്ധവ് പറഞ്ഞെങ്കിലും പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
90 സീറ്റിൽ മത്സരിച്ച ശിവസേന-യു.ബി.ടിക്ക് 20 സീറ്റും 86ൽ മത്സരിച്ച എൻ.സി.പി-എസ്.പിക്ക് 10 സീറ്റുമേ ലഭിച്ചുള്ളൂ. മത്സരിച്ച 53ൽ 41 സീറ്റുനേടി അജിത് പവാറിന്റെ എൻ.സി.പിയും 80ൽ 57 സീറ്റുനേടി ഷിൻഡെയുടെ ശിവസേനയും കരുത്തരായി. ഇതോടെ ഉദ്ധവിന്റെയും പവാറിന്റെയും രാഷ്ട്രീയഭാവി തുലാസിലായി. മാത്രമല്ല; പവാറിന്റെ രാജ്യസഭ പ്രവേശനവഴിയും മുടങ്ങി. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി 2026 ഏപ്രിലിൽ അവസാനിക്കും. വീണ്ടും ജയിപ്പിക്കാനുള്ള അംഗബലം പാർട്ടിക്ക് നിയമസഭയിൽ ഇല്ല. എങ്കിലും പവാറിനെ തള്ളിക്കളയുക എളുപ്പമല്ല. വോട്ട് ശതമാനത്തിൽ അജിതിനേക്കാൾ (9.01) പവാർ (11.28) പക്ഷമാണ് മുന്നിൽ. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനാണ് പവാർ. 2019ൽ ശിവസേനയെ ഒപ്പം കൂട്ടി കോൺഗ്രസുമായി ചേർന്ന് പവാർ മഹാവികാസ് അഘാഡി (എം.വി.എ) ഉണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും ശിവസേനയേയും എൻ.സി.പിയേയും പിളർത്തി എം.വി.എ സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചു.
പാർട്ടി പേരും തെരഞ്ഞെടുപ്പ് ചിഹ്നനവും 41 എം.എൽ.എമാരെയും നഷ്ടപ്പെട്ടിട്ടും പവാർ തളർന്നിരുന്നില്ല. പുതുതലമുറ നേതാക്കളുടെ കൈപിടിച്ച് 84 കാരൻ പാർട്ടിയെ വീണ്ടും കെട്ടിപ്പടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 ൽ എട്ടിലും പാർട്ടിയെ ജയിപ്പിച്ചു. 48 ലോക്സഭ സീറ്റിൽ എം.വി.എ 31ഉം പിടിച്ചു. പാർട്ടി പിളർത്തിയ ജ്യേഷ്ഠപുത്രൻ അജിത് പവാറിന്റെ പാർട്ടിയെ ഒന്നിലൊതുക്കി.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ പവാറിന്റെ അടവുകളൊന്നും കുറിക്കുകൊണ്ടില്ല. അജിത് പക്ഷവുമായി ഏറ്റുമുട്ടിയ 36ൽ 29 സീറ്റിലും തോറ്റു. മഹായുതിയുടെ ലഡ്കി ബെഹൻ പദ്ധതി തരംഗത്തിൽ പവാറും വീണു. ഉദ്ധവ് താക്കറെ നേരിടുന്ന വെല്ലുവിളിയും നിസ്സാരമല്ല. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി ഉദ്ധവ് തിളങ്ങിനിൽക്കെയാണ് പാർട്ടി പിളർത്തി ഷിൻഡെ മറുകണ്ടം ചാടിയത്. പാർട്ടി പേരും ചിഹ്നവും സ്വന്തമാക്കുകയും ചെയ്തു. ശക്തികേന്ദ്രമായ മുംബൈയിൽ മാഹിം, വർളി, ബാന്ദ്ര ഈസ്റ്റ് അടക്കം 10 സീറ്റിൽ ജയിക്കാനായെങ്കിലും കൊങ്കണിൽ ഒരു സീറ്റ് മാത്രമാണ് ഉദ്ധവിന് കിട്ടിയത്. ഏക്നാഥ് ഷിൻഡെ പക്ഷത്തോട് ഏറ്റുമുട്ടിയ 50ൽ 14 ഇടത്തേ ഉദ്ധവ് പക്ഷത്തിന് ജയിക്കാനായുള്ളൂ. 36 സീറ്റ് ഷിൻഡെ പിടിച്ചു. ബാൽ താക്കറെയുടെ രാഷ്ട്രീയ പിൻഗാമിയായി ജനം തന്നെ അംഗീകരിച്ചെന്നാണ് ഷിൻഡെ പറഞ്ഞത്. ശേഷിച്ച നേതാക്കളും അണികളും ചോരാതെ കാക്കുക എന്നതാണ് ഉദ്ധവിന് മുന്നിലെ വലിയ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.