തർക്കമൊടുങ്ങാതെ മഹാരാഷ്ട്ര; കൂറുമാറ്റങ്ങളും
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭരണ, പ്രതിപക്ഷ സഖ്യങ്ങളിൽ സീറ്റ് വിഭജനം, സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് അറുതിയായില്ല. തർക്കം മൂത്ത് ഇരുപക്ഷത്തും കൂറുമാറ്റങ്ങളും അരങ്ങേറുന്നു. മുൻ എം.പി സഞ്ജയ് നിരുപമിനെ പുറത്താക്കാനാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് ഹൈകമാൻഡിന് കത്തെഴുതി. പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേര് വെട്ടുകയും ചെയ്തു. മുംബൈ നോർത്ത്-വെസ്റ്റ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ പക്ഷ ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ ക്ഷുഭിതനാണ് നിരുപം. മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു.
ഉദ്ധവ് പക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെ കടുത്ത ഭാഷയിലാണ് നിരുപം പ്രതികരിച്ചത്. ഒരാഴ്ചക്കകം ഹൈകമാൻഡ് തീരുമാനമെടുത്തില്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും പറഞ്ഞു. അതേസമയം, നിരുപം ഏക്നാഥ് ശിൻഡെ പക്ഷ ശിവസേനയിൽ ചേക്കേറാനുള്ള നീക്കത്തിലാണ്. സാൻഗ്ളി സീറ്റും ഉദ്ധവ് പക്ഷമെടുത്തതോടെ കോൺഗ്രസ് എം.എൽ.എ വിശ്വജീത് കദമും പിണക്കത്തിലാണ്. പ്രചാരണസമിതി യോഗത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
ഭരണപക്ഷത്ത് സീറ്റ് ലഭിക്കാത്തതിനെതുടർന്ന് ജൽഗാവ് സിറ്റിങ് എം.പി ഉന്മേഷ് പാട്ടീൽ അടുത്ത അനുയായികൾക്കൊപ്പം ബി.ജെ.പി വിട്ട് ഉദ്ധവ് പക്ഷ ശിവസേനയിൽ ചേർന്നു. വിശ്വസ്തൻ കരൺ പവാറിനെ ഉദ്ധവ് പക്ഷം ജൽഗാവിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഷിൻഡെ പക്ഷ ശിവസേനയിലും കടുത്ത തർക്കമാണ്. യവത്മൽ-വാഷിം മണ്ഡലത്തിലെ സിറ്റിങ് എം.പി ഭാവന ഗാവ്ലിയെ മാറ്റാൻ ബി.ജെ.പി സമ്മർദം ചെലുത്തുന്നു.
ബരാമതിയിൽ പവാർ പുത്രിക്ക് പ്രകാശ് അംബേദ്കറുടെ പിന്തുണ
മുംബൈ: പവാർ കുടുംബപോര് നടക്കുന്ന ബരാമതിയിൽ ശരദ് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുലേക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകാശ് അംബേദ്കർ. പാർട്ടി പിളർത്തി ഭരണപക്ഷവുമായി സഖ്യത്തിലായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് ഇത്തവണ സുപ്രിയയുടെ എതിരാളി. പവാർ പക്ഷ എൻ.സി.പി, കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന ഉൾപ്പെട്ട മഹാവികാസ് അഘാഡി (എം.വി.എ)യുമായി സഖ്യശ്രമം ഉപേക്ഷിച്ച പ്രകാശ് ഏഴിടങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതിനോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. മാത്രമല്ല, പ്രകാശ് മത്സരിക്കുന്ന അകോലയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ൽ സുപ്രിയക്കെതിരെ പ്രകാശിന്റെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) മത്സരിച്ചിരുന്നു. അന്ന് 44,000 ഓളം വോട്ടുകളാണ് വി.ബി.എ നേടിയത്. എന്നാൽ, സുപ്രിയയുടെ ജയം 1.5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ഇത്തവണ സുനേത്ര രംഗത്തിറങ്ങിയതോടെ മത്സരം കടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രിയക്ക് പ്രകാശ് പിന്തുണ പ്രഖ്യാപിക്കുന്നത്. നാഗ്പുരിൽ കേന്ദ്ര മന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസിനും പ്രകാശ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.