പി.എം കെയേഴ്സ് ഫണ്ട്:വക മാറ്റിയത് 2,105 കോടി
text_fieldsന്യൂഡൽഹി: രാജ്യത്തെ 38 പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിനത്തിലെ 2,105 കോടി രൂപ വിവരാവകാശ നിയമം ബാധകമല്ലാത്ത പി.എം കെയേഴ്സ് ഫണ്ടിലേക്ക് മാറ്റി. പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനാണ് ഇത്രയും തുക വകമാറ്റിയെന്ന വിവരം പുറത്തുവന്നത്. 55 പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് സംബന്ധിച്ച് നൽകിയ വിവരാവകാശ ചോദ്യപ്രകാരം 38 സ്ഥാപനങ്ങളുടെ കണക്കുമാത്രമാണ് നൽകിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പി.എം കെയർഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരം നൽകാനാവില്ലെന്നായിരുന്നു ഒരു ദേശീയ ദിനപത്രത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയിരുന്നത്. തുടർന്ന് പത്രം പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയായിരുന്നു.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷനാണ് (ഒ.എൻ.ജി.സി) ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. 300 കോടി. എൻ.ടി.പി.സി 250 കോടി, ഇന്ത്യൻ ഓയിൽ 225 കോടി, പവർ ഫിൻസ് കോർപറേഷൻ 200 കോടി, പവർ ഗ്രിഡ് 200 കോടി, എൻ.എം.ഡി.സി 155 കോടി, ബി.പി.സി.എൽ 125 കോടി, എച്ച്.പി.സി.എൽ 120 കോടി എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്.
പി.എം. കെയേഴ്സ് സർക്കാർ ഫണ്ടല്ലെന്നും പബ്ലിക് ചാരിറ്റിബ്ൾ ട്രസ്റ്റാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പബ്ലിക് ചാരിറ്റിബ്ൾ ട്രസ്റ്റിെൻറ ഫണ്ട് സി.എ.ജി ഓഡിറ്റ് ചെയ്യില്ല. പകരം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടൻറാണ് ഓഡിറ്റ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.