ഗാന്ധി അഹിംസയുടെ പൂജാരി; എല്ലാവർക്കും വഴികാട്ടി -യോഗി ആദിത്യ നാഥ്
text_fieldsലഖ്നോ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊന്നതിന്‍റെ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുള്ള ട്വീറ്റിലാണ് യോഗിയുടെ അനുസ്മരണം.
രാവിലെ ലഖ്നോ ജി.പി.ഒ പാർക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ യോഗി പുഷ്പാർച്ചന നടത്തി. 'സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരി, നമുക്കെല്ലാവർക്കും വഴികാട്ടി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ലഖ്നോ ജി.പി.ഒ പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി' യോഗി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി മോദി ട്വീറ്റിൽ കുറിച്ചു. ഗാന്ധിജി പ്രചരിപ്പിച്ച സമാധാനം, അഹിംസ, ലാളിത്യം, വിശുദ്ധി, വിനയം എന്നിവ ജീവിതത്തിൽ പാലിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു.
അതേസമയം, ഗാന്ധിയെ കൊലപ്പെടുത്തിയ മതഭ്രാന്തൻ നാഥുറാം വിനായക് ഗോഡ്സേക്ക് നന്ദി പറഞ്ഞ് ആയിരക്കണക്കിന് ട്വീറ്റുകളുമായി സംഘ്പരിവാർ അനുകൂലികളും രംഗത്തുണ്ട്. ഇതോടെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ 'നാഥുറാം ഗോഡ്സെ' ഹാഷ്ടാഗ് ട്രെൻഡിങ്ങിലെത്തി.
നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമുള്ള ട്വീറ്റുകളാണ് സംഘ്പരിവാർ പ്രവർത്തകരുടെ പ്രൊഫൈലുകളിൽ നിറയുന്നത്.
ഗാന്ധിജിയെ കൊലെപ്പടുത്തിയതിലൂടെ യഥാർഥ ദേശസ്നേഹി ഗോഡ്സെയാണെന്നും കൊലപാതകത്തിൽ യാതൊരു തെറ്റുമില്ലെന്നും ഈ പ്രൊഫൈലുകളിലൂടെ വിദ്വേഷ പ്രചരണം അഴിച്ചുവിടുന്നുണ്ട്. ഗോഡ്സെയുടെ ചിത്രം പങ്കുവെച്ചാണ് ട്വീറ്റുകൾ.രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന നിരവധി ട്വീറ്റുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.