ട്രംപിൻെറ രാഷ്ട്രപിതാവ് പരാമർശം; വിമർശനവുമായി ഗാന്ധിജിയുടെ ചെറുമകൻ
text_fieldsമുംബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. രാഷ്ട്രപിതാവിനെ മാറ്റി പുതിയ ഒരാളെ അവരോധിക്കേണ്ടതുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജോർജ്ജ് വാഷിങ്ടണിന് പകരം സ്വയം അവരോധിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച മോദി യു.എസിൽ എത്തിയപ്പോഴായിരുന്നു ട്രംപ് അദ്ദേഹത്തെ രാഷ്ട്രപിതാവെന്ന് വിേശേഷിപ്പിച്ചത്. ‘‘ഇന്ത്യ മുമ്പ് വളരെ ജീർണാവസ്ഥയിലായിരുന്നു. ഒരുപാട് അഭിപ്രായ ഭിന്നതകളും കലഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ മോദി ഒരു പിതാവിനെ പോലെ എല്ലാവരേയും ഒരുമിച്ചു നിർത്തി. അദ്ദേഹമാവാം ഇന്ത്യയുടെ രാഷ്ട്രപിതാവ്’’ എന്നായിരുന്നു ട്രംപിൻെറ പ്രസ്താവന.
സംഘ്പരിവാറിലെ ഒരു വിഭാഗം ഗാന്ധി ഘാതകനായ ഗോഡ്സെയെ മഹത്വവത്ക്കരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് എന്താണ് മികച്ചതെന്ന് കാലം തെളിയിക്കുമെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. ‘‘അക്രമത്തെയും വെറുപ്പിനെയും ആരാധിക്കുന്നവർക്ക് ഗോഡ്സെ സ്തുതി നടത്താം. എനിക്കവരോട് വിരോധമില്ല. ബാപ്പുവിനെ ആരാധിക്കാൻ എനിക്കുള്ള അവകാശം പോലെ തന്നെ അത് അവരുടെ അവകാശമാണ്. ഞാൻ അവരെ സ്വാഗതം ചെയ്യുന്നു.’’ തുഷാർ ഗാന്ധി പറഞ്ഞു.
ബാപ്പുവിൻെറ ചിന്തയും ആശയവും ജീവിതത്തിലും ഭരണത്തിലും തുടങ്ങി എല്ലായിടത്തും പ്രാവർത്തികമാക്കാവുന്നതാണ്. എന്നാൽ അത് നടക്കുന്നില്ലെന്നത് വിഷമകരമാണ്. സ്വച്ഛ് ഭാരത് അഭിയാൻ പോസ്റ്ററിലും കറൻസി നോട്ടുകളിലുമായി ഗാന്ധിജി വെറും അടയാളം മാത്രമായി ചുരുങ്ങിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകൻെറ മകനാണ് തുഷാർ ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.