ഗാന്ധിജിയെ വധശ്രമത്തിൽ നിന്ന് രക്ഷിച്ച ഭിലാരെ ഒാർമയായി
text_fieldsന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജീവൻ രക്ഷിച്ച അനുയായി ഭികു ദാജി ഭിലാരെ ഒാർമയായി. സ്വാതന്ത്ര സമരസേനാനിയും 98കാരനുമായ ഭിലാരെ വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്. ഭിലാരെയുടെ സംസ്കാര ചടങ്ങിൽ സ്വാതന്ത്ര സമരസേനാനികളും നിയമസഭാംഗങ്ങളും പങ്കെടുത്തു.
1944ൽ പഞ്ചാഗ്നിയിൽ നടന്ന പ്രാർഥനാ യോഗത്തിൽ വെച്ചാണ് നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ വധിക്കാൻ ശ്രമം നടത്തിയത്. അനുയായികളായ ഉഷ മേത്ത, പ്യാരേലാൽ, അരുണ അസിഫ് അലി അടക്കമുള്ളവർക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു ഗാന്ധി. കത്തിയുമായി എത്തിയ ഗോഡ്സെ ഗാന്ധിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഗോഡ്സെയെ തടഞ്ഞ ഭിലാരെ, അദ്ദേഹത്തിന്‍റെ കൈ പിന്നിലേക്ക് തിരിച്ചു പിടിച്ച് കത്തി തട്ടിത്തെറിപ്പിക്കുകയായിരുന്നു. എന്നാൽ, ഗോഡ്സെയെ ഗാന്ധിജി വിട്ടയച്ചെന്നുമാണ് ഭിലാരെയുടെ ഒാർമകൾ പങ്കുവെക്കുന്ന ചെറുപുസ്തകത്തിൽ വിവരിക്കുന്നത്.
കോൺഗ്രസിന്‍റെ സഹോദര സംഘടനയായ രാഷ്ട്ര സേവാദളിന്‍റെ ഉപജില്ല പ്രസിഡന്‍റായിരുന്ന ഭിലാരെ, തന്‍റെ 25ാം വയസിലാണ് വധശ്രമത്തിൽ നിന്ന് ഗാന്ധിയെ രക്ഷിച്ചത്. 1944ലേത് കൂടാതെ ഗാന്ധിജിക്ക് നേരെ ആറു വധശ്രമങ്ങൾ എതിരാളികൾ നടത്തിയിരുന്നു. 1948 ജനുവരി 30ന് ഡൽഹി ബിർള ഹൗസിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ ഗോഡ്സെ പിന്നീട് വധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.