മഹാത്മജിയുടെ സ്ഥാനാർഥിയും തോറ്റിട്ടുണ്ട് ...
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യത്തിനു മുമ്പത്തെ കോൺഗ്രസിന്റെ പൂർണ പിന്തുടർച്ചാവകാശം ഇന്നത്തെ കോൺഗ്രസിന് അവകാശപ്പെടാൻ പറ്റില്ലെന്ന കാര്യം മാറ്റിവെച്ചാൽ, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1939, 1950, 1977, 1997, 2000 എന്നീ വർഷങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
1939ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മഹാത്മഗാന്ധി പിന്തുണച്ചത് പി. സീതാരാമയ്യയെ ആണെങ്കിലും അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിനോട് തോറ്റു. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 1950ൽ. സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ വിശ്വസ്തനായ പുരുഷോത്തംദാസ് ടണ്ഡൻ തോൽപിച്ചത് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നിർദേശിച്ച ആചാര്യ കൃപലാനിയെയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ 1977ൽ ദേവ്കാന്ത് ബറുവ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ സിദ്ധാർഥ ശങ്കർ റേ, കരൺ സിങ് എന്നിവരെ കെ. ബ്രഹ്മാനന്ദ റെഡ്ഡി പരാജയപ്പെടുത്തി. 20 വർഷത്തിനു ശേഷമാണ് പിന്നീടൊരു മത്സരം വേണ്ടിവന്നത്. 1997ലെ ത്രികോണ മത്സരത്തിൽ നെഹ്റു കുടുംബം പിന്തുണച്ച സീതാറാം കേസരി, ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോൽപിച്ചു. യു.പിയും മഹാരാഷ്ട്രയും ഒഴികെ എല്ലാ സംസ്ഥാന ഘടകങ്ങളും കേസരിയെ പിന്തുണച്ചപ്പോൾ അദ്ദേഹത്തിന് 6,224 വോട്ട് ലഭിച്ചു. പവാറിന് 882; പൈലറ്റിന് 354.സോണിയ ഗാന്ധി പ്രസിഡന്റാകാൻ ഒരുങ്ങിയപ്പോൾ ജിതേന്ദ്ര പ്രസാദ മത്സരത്തിന് ഇറങ്ങിയതു വഴി 2000ൽ വോട്ടെടുപ്പ് വേണ്ടി വന്നു. 94 വോട്ട് മാത്രം നേടി പ്രസാദ ദയനീയമായി തോറ്റു. സോണിയ ഗാന്ധിക്ക് 7,400ൽപരം വോട്ട് ലഭിച്ചു. 2022ലെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് നെഹ്റു കുടുംബത്തിന് പുറത്തൊരാൾ പ്രസിഡന്റാകുന്നത് വഴിയാണ്.
1998 മുതൽ പ്രസിഡന്റായ സോണിയ ഗാന്ധിയാണ് ഈ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത്. 2022 വരെയുള്ള കാലയളവിൽ 2017 മുതൽ 2019 വരെ രാഹുൽ ഗാന്ധി പ്രസിഡന്റായി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കോൺഗ്രസ് പ്രസിഡന്റുമാരുടെ കാര്യമെടുത്താൽ നെഹ്റു കുടുംബാംഗങ്ങൾ ആ പദവി വഹിച്ചത്
നീണ്ട 40 വർഷം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ആചാര്യ കൃപലാനിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. തുടർന്ന് 1948-49ൽ സീതാരാമയ്യ. 1950ൽ ടണ്ഡൻ. 1951 മുതൽ 1955 വരെ ജവഹർലാൽ നെഹ്റു പ്രസിഡന്റായി. ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നീ കുടുംബാംഗങ്ങൾ അമരം പിടിച്ചതിനിടയിൽ യു.എൻ ധേബർ, നീലം സഞ്ജീവ റെഡ്ഡി, കാമരാജ്, എസ്. നിജലിംഗപ്പ, ജഗജീവൻ റാം, ശങ്കർ ദയാൽ ശർമ, ദേവകാന്ത് ബറുവ, ബ്രഹ്മാനന്ദ റെഡി, പി.വി. നരസിംറാവു, സീതാറാം കേസരി എന്നിവർ ഇടവേളകളിൽ പ്രസിഡന്റുമാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.