‘മഹാനാടകം’ തുടരുന്നു; ക്ലൈമാക്സിനായി ഡൽഹിയിൽ നിർണായക യോഗം, ആരാകും മുഖ്യമന്ത്രി?
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചാം നാളും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിലെത്താൻ മഹായുതി സഖ്യത്തിനായിട്ടില്ല. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പദവിയിൽ തുടരണമെന്ന് ശിവസേന നേതാക്കൾ ആവശ്യപ്പെടുമ്പോൾ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പുതിയ സർക്കാറിനെ നയിക്കണമെന്ന അഭിപ്രായവും മുന്നണിയിലുണ്ട്. വ്യാഴാഴ്ച സഖ്യകക്ഷികളായ ഫഡ്നാവിസും ഷിൻഡെയും എൻ.സി.പി നേതാവ് അജിത് പവാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നിർണായക യോഗം ചേരും. ‘മഹാനാടക’ത്തിന്റെ ക്ലൈമാക്സ് യോഗത്തിനൊടുവിൽ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ ലോകം പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഷിൻഡെ ഡൽഹിയിലെത്തും. 5.30നാണ് അമിത് ഷായുമായി മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിലെ 230 സീറ്റും സ്വന്തമാക്കിയാണ് മഹായുതി വിജയം പിടിച്ചത്. 132 സീറ്റുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന (ഷിൻഡെ) 57ഉം എൻ.സി.പി (അജിത്) 41 സീറ്റും നേടി. ബി.ജെ.പി വലിയ തോതിൽ സീറ്റ് വർധിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസ് വരുമെന്ന അഭ്യൂഹം ശക്തമാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കിയ അജിത് പവാർ, കഴിഞ്ഞ തവണത്തേതു പോലെ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും പ്രതികരിച്ചിരുന്നു.
ഇന്ന് യോഗം നടക്കാനിരിക്കെ ചില മഹായുതി നേതാക്കൾ നേരത്തെ തന്നെ ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി നേതാവ് വിനോദ് താവ്ഡെ ഷായുമായി 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയാണ് നടത്തിയത്. മറാത്ത വികാരം വ്രണപ്പെടാത്ത വിധത്തിലായിരിക്കണം പുതിയ സർക്കാർ രൂപവത്കരണമെന്നും ഫഡ്നാവിസ് മുഖ്യമന്ത്രിയാൽ അതിന് സാധ്യതയുണ്ടെന്നും താവ്ഡെ അമിതാ ഷായോട് പറഞ്ഞതായും പാർട്ടി വൃത്തങ്ങളിൽനിന്ന് സൂചനയുണ്ട്.
ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ഇടക്കാല മുഖ്യമന്ത്രിയായി തുടരുന്ന ഷിൻഡെ, അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനും വിട്ടുവെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. താൻ ഒരു തടസ്സമാകില്ലെന്നും മോദി എന്ത് തീരുമാനിച്ചാലും കൂടെ നിൽക്കുമെന്നും താനെയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഷിൻഡെ പറഞ്ഞു. ഇതോടെ ഫഡ്‌നാവിസ് പുതിയ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ ഏറെക്കുറെ വ്യക്തമായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അങ്ങനെയെങ്കിൽ ഷിൻഡെ സേനക്ക് ക്യാബിനറ്റിൽ കൂടുതൽ പ്രാതിനിധ്യം നൽകാനാണ് സാധ്യത.
അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം വരുത്തിയ മഹായുതിയെ പരിഹസിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി രംഗത്തുവന്നു. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ ഷിൻഡെക്കുമേൽ ബി.ജെ.പി കേന്ദ്ര നേതൃത്വം സമ്മർദം ചെലുത്തിയതായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ അവകാശപ്പെട്ടു. മഹായുതി സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും അടുത്ത സർക്കാർ രൂപവത്കരിക്കാൻ ഇത്രയധികം സമയമെടുക്കുന്നത് സംശയാസ്പദമാണെന്നും പടോലെ പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (എം.വി.എ) മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 46 സീറ്റുകൾ മാത്രമാണ് നേടിയത്. 16 സീറ്റുകൾ മാത്രം നേടിയ ഗ്രാൻഡ് ഓൾഡ് പാർട്ടി ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. ശരദ് പവാറിന്റെ എൻ.സി.പി 10 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റുകളാണ് നേടിയത്. ആറ് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ശരദ് പവാറിന് ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധമാണ് മഹാരാഷ്ട്രയിൽ തോൽവി ഏറ്റുവാങ്ങിയത്. രാജ്യസഭയിലെ കാലാവധി പൂർത്തിയായാൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പവാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.