മഹാ...യുതി; മഹാരാഷ്ട്രയിൽ 288ൽ 231 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
text_fieldsമുംബൈ: ഹരിയാനക്കു പിന്നാലെ കോൺഗ്രസ് സഖ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയിലും ബി.ജെ.പി സഖ്യത്തിന് കൂറ്റൻ വിജയം. 288ൽ 231 സീറ്റുകൾ നേടി ബി.ജെ.പിയും ഷിൻഡെ പക്ഷ ശിവസേനയും അജിത് പവാർ പക്ഷ എൻ.സി.പിയും ചേർന്ന മഹായുതി ഭരണ തുടർച്ച ഉറപ്പിച്ചു. 145 ആണ് കേവല ഭൂരിപക്ഷം. കോൺഗ്രസും ഉദ്ധവ് പക്ഷവും ശരദ് പവാർ പക്ഷവും ചേർന്ന മഹാവികാസ് അഘാഡി (എം.വി.എ) പ്രതിപക്ഷ നേതാവ് പദവിക്കു പോലും അർഹതയില്ലാത്ത വിധം 45 സീറ്റുകളിൽ ഒതുങ്ങി. തിങ്കളാഴ്ച വൈകീട്ടോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ചൊവ്വാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. നിലവിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.
133 സീറ്റുമായി ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി. ഷിൻഡെ പക്ഷം 57ഉം അജിത് 41ഉം സീറ്റുകൾ നേടി. സംസ്ഥാനത്ത് ബി.ജെ.പിയുടെ വലിയ നേട്ടമാണിത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എം.വി.എയെ തുണച്ച 105 മണ്ഡലങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ മഹായുതിയെ തുണച്ചു. കോൺഗ്രസ് 15ലും ഉദ്ധവ് പക്ഷം 20ലും പവാർ പക്ഷം 10ലുമാണ് ജയിച്ചത്. എം.വി.എ പിന്തുണച്ച സമാജ്വാദി പാർട്ടി നേരത്തേയുള്ള രണ്ട് സീറ്റും സി.പി.എം ഒരു സീറ്റും നിലനിർത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൊപ്രി-പച്ച്പഖഡിയിലും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത് വെസ്റ്റിലും അജിത് പവാർ ബരാമതിയിലും ജയിച്ചു. ഫഡ്നാവിസിന് ഇത്തവണ ഭൂരിപക്ഷം കുറഞ്ഞു. അസദുദ്ദീൻ ഉവൈസിയുടെ മസ്ജിദ് പാർട്ടി മാലേഗാവ് സെൻട്രൽ നിലനിർത്തി.
മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻ മന്ത്രിമാരായ ബാലസാഹെബ് തോറാട്ട്, യശോമതി ഠാക്കൂർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ പരാജയപ്പെട്ടു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ 155 വോട്ടിനാണ് ജയിച്ചത്. കന്നിയങ്കത്തിൽ എം.എൻ.എസ് നേതാവ് രാജ്താക്കറെയുടെ മകൻ അമിത് താക്കറെ തോറ്റു.
ജാതി, മതം, പണം എന്നീ മൂന്ന് ഘടകങ്ങൾ മഹായുതിയുടെ കുതിപ്പിന് മുഖ്യകാരണമായെന്ന് പ്രമുഖ മറാത്തി പത്രപ്രവർത്തകൻ ഗിരീഷ് കുബേർ വിലയിരുത്തി. മഹാരാഷ്ട്രയിൽ നീറിപ്പുകയുന്ന കാർഷിക പ്രതിസന്ധി ഇവക്ക് മുന്നിൽ നിഷപ്രഭമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹായുതി
ബി.ജെ.പി- 132
ശിവസേന (ഷിൻഡേ) - 57
എൻ.സി.പി (അജിത് പവാർ) - 41
ജെ.എസ്.എസ്- 2
രാഷ്ട്രീയ യുവസ്വാഭിമാൻ പാർട്ടി- 1
മഹാവികാസ് അഘാഡി
ശിവസേന (ഉദ്ധവ് താക്കറെ) - 20
കോൺഗ്രസ് -16
എൻ.സി.പി (ശരദ്പവാർ)-10
സമാജ്വാദി പാർട്ടി-2
സി.പി.എം- 1
പി.ഡബ്ല്യു.പി.ഐ- 1
മറ്റുള്ളവർ
എ.ഐ.എം.ഐ.എം-1
സ്വതന്ത്രർ-4
ആകെ സീറ്റ്: 288
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.