മഹായൂത്തിയിൽ സർവേ കാട്ടി ബി.ജെ.പിയുടെ വിലപേശൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭരണസഖ്യമായ മഹായൂത്തിയിൽ ബി.ജെ.പിയുമായി ഷിൻഡെ പക്ഷ ശിവസേന കടുത്ത വിലപേശലിൽ. ആഭ്യന്തര സർവേ കാണിച്ച് ഷിൻഡെ പക്ഷ ശിവസേനയുടെ സീറ്റുകൾ സ്വന്തമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ആരോപണം. ഷിൻഡെയുടെ മകൻ സിറ്റിങ് എം.പിയായ കല്യാണും താണെയും പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. ഒടുവിൽ പിൻവാങ്ങിയതായാണ് സൂചന. രണ്ട് സീറ്റുകളിലും ഷിൻഡെപക്ഷം ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
സതാര, സിന്ധുദുർഗ്, സമ്പാജി നഗർ, നാസിക് മണ്ഡലങ്ങൾക്കായുള്ള തർക്കം തുടരുന്നു. നാസിക് അജിത് പവാറിന് നൽകാനാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് നിലവിലെ സംസ്ഥാന മന്ത്രി ഛഗൻ ഭുജ്ബലിനെ മത്സരിപ്പിക്കാനാണ്. ഭുജ്ബലിനെ നാസികിൽ സ്ഥാനാർഥിയാക്കാൻ അജിത്തിനല്ല ബി.ജെ.പിക്കാണ് താൽപര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒ.ബി.സി സംവരണം നൽകി മറാത്തകളുടെ മനംകവരാനുള്ള മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശ്രമത്തെ ബി.ജെ.പി അട്ടിമറിച്ചത് പ്രബല ഒ.ബി.സി നേതാവായ ഛഗൻ ഭുജ്ബലിലൂടെയാണ്. നിലവിൽ 24 സീറ്റുകളിൽ ബി.ജെ.പിയും എട്ടിൽ ഷിൻഡെ പക്ഷവും നാലിൽ അജിത് പക്ഷവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിച്ച 12 സീറ്റുകളിൽ രണ്ടു ദിവസത്തിനകം ധാരണയാകുമെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിൽ (എം.വി.എ) ഉദ്ധവ് പക്ഷവും കോൺഗ്രസും തമ്മിലെ തർക്കത്തിന് അയവില്ല. ഇനി സീറ്റ് ചർച്ച 2029 ൽ മാത്രമെന്നാണ് ഞായറാഴ്ച ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെയുള്ള ഇൻഡ്യ സഖ്യത്തിന്റെ ഡൽഹി റാലിയിൽ ഉദ്ധവുമുണ്ട്. ഹൈകമാൻഡിലാണ് മഹാരാഷ്ട്ര കോൺഗ്രസിന്റെ പ്രതീക്ഷ. എം.വി.എയിൽ ശിവസേന 17 സീറ്റിലും കോൺഗ്രസ് 14 ലും പവാർ പക്ഷ എൻ.സി.പി അഞ്ചിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 സീറ്റുകൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്.
അതിനിടെ മഹാ വികാസ് അഘാഡിയേയും (എം.വി.എ) പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയേയും (വി.ബി.എ) ഒരുമിച്ചു നിർത്താനുള്ള ശ്രമവുമായി സന്നദ്ധ സംഘടന ‘നിർഭ് ബനൊ’ രംഗത്തെത്തി.. ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാൻ സഹകരണം ആവശ്യപ്പെട്ട് ‘നിർഭയ് ബനൊ’ പ്രകാശ് അംബേദ്കർക്ക് എഴുതിയ തുറന്ന കത്തിൽ തങ്ങൾ മധ്യസ്ഥത്തിന് തയാറാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.