ജീവൻ വകവെക്കാതെ കുട്ടിയെ രക്ഷിച്ച മയൂർ ഷെൽക്കെക്ക് ജാവയുടെ സമ്മാനം
text_fieldsന്യൂഡൽഹി: റെയിൽവേ പ്ലാറ്റ്ഫോമിൽ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റെയിൽവെ ജീവനക്കാരനായ മയൂർ ശഖറാം ഷെൽക്കെക്ക് മഹീന്ദ്ര കുടുംബത്തിന്‍റെ സമ്മാനം. മയൂർ ശഖറാം ഷെൽക്കെക്ക് ജാവ ബൈക്ക് സമ്മാനമായി നൽകനാണ് തീരുമാനം. ജാവ മോട്ടോർസൈക്കിളിലെ സംരംഭകനും സംവിധായകനുമായ അനുപം തരേജയാണ് ഇക്കാര്യം അറിയിച്ചത്. ഷെൽക്കെയുടെ പരിശ്രമത്തെയും നിസ്വാർത്ഥമായ ധൈര്യത്തെയും പ്രശംസിച്ച തരേജ ജാവ ഹീറോസ് സംരംഭത്തിൽ ഉൾപ്പെടുത്തി മയൂർ ഷെൽക്കക്ക് പുതിയ ജാവ മോട്ടോർസൈക്കിൾ നൽകുമെന്ന് പറഞ്ഞു.
മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും അനുപം തരേജയുടെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. മയൂർ ഷെൽക്കെക്ക് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മഹീന്ദ്രയുടെകൂടി പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ക്ലാസിക് ലെജൻഡ്സ് എന്ന കമ്പനിയാണ് ജാവ മോട്ടോർ സൈക്കിളുകൾ നിർമിക്കുന്നത്.
ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
റെയിൽവെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിൻ, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.
ബാംഗ്ലൂർ-മുംബൈ ഉദ്യാൻ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പോയിന്റ്സ്മാനായ മയൂർ ഷെൽക്കെ കുട്ടി റെയിൽവെ ട്രാക്കിലേക്ക് വീഴുന്നത് കണ്ടത്. കുട്ടി ട്രാക്കിലേക്ക് വീണതോടെ താൻ ഭയന്നു പോയെതന്ന് അന്ധയായ മാതാവ് സംഗീത പറഞ്ഞു.
താൻ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെൽക്കയുടെ പ്രതികരണം. പുണെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽെവയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.