'എന്ത് പറ്റി യോഗിജീ? ജലപീരങ്കിയും ഇന്‍റർനെറ്റ് നിരോധനവും തോറ്റുപോയോ?'
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് യു.പി സർക്കാർ വെള്ളവും വെളിച്ചവും തടഞ്ഞിട്ടും ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടും പ്രക്ഷോഭം പൂർവാധികം ശക്തിയോടെ ആളിപ്പടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് തൃണമൂൽ എം.പി മെഹുവ മൊയ്ത്ര. 'എന്ത് പറ്റി യോഗിജീ? ജില്ലാ ഭരണകൂടത്തിന് നിങ്ങൾ നൽകിയ ഉത്തരവുകളും നിങ്ങളുടെ ജലപീരങ്കിയും നിങ്ങളുടെ ഇന്‍റർനെറ്റ് നിരോധനവും തോറ്റുപോയോ?' മൊയ്ത്ര ട്വിറ്റിൽ ചോദിച്ചു.
റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിന് പിന്നാലെയാണ് കർഷക സമരം നടക്കുന്ന സ്ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും തടയാൻ യു.പി സർക്കാർ ഉത്തരവിട്ടത്. സിംഗുവിലെ സമരഭൂമി ഒഴിപ്പിക്കാൻ പൊലീസിനെയും അർധ സൈനികരെയും നിയോഗിക്കുകയും രാത്രി 11നകം ഒഴിയണമെന്ന് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒഴിയാൻ സന്നദ്ധമല്ലെന്നറിയിച്ച ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് സമരം ശക്തിപ്പെടുത്താൻ അണികളോട് ആഹ്വാനം ചെയ്തു. ഇതോടെ, സമരത്തിൽ അണിനിരക്കാൻ മുസാഫർനഗറിൽ രാത്രി തന്നെ മഹാപഞ്ചായത്ത് വിളിച്ചുചേർക്കുകയും പതിനായിരക്കണക്കിന് കർഷകർ ട്രാക്ടറുകളുമായി എത്തുകയും ചെയ്തു. തുടർദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നതാണ് കണ്ടത്. വാട്ടർ ടാങ്കുകളും ഭക്ഷ്യവസ്തുക്കളുമായാണ് മിക്കവരും വരുന്നത്. ഈ സാഹചര്യത്തിലാണ് യോഗിക്കെതിരെ മെഹുവ മൊയ്ത്ര പരിഹാസം തൊടുത്തത്. .
ട്രാക്ടർ റാലിക്ക് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽപേർ ഇപ്പോൾ സമരത്തിൽ പങ്കെടുക്കാൻ എത്തുന്നതായി ലങ്കർ (സൗജന്യ ഭക്ഷണ ശാല) നടത്തുന്ന കർഷകരും വ്യക്തമാക്കി. "നേരത്തെ ഞങ്ങൾ ആയിരത്തോളം പേർക്കായിരുന്നു പ്രതിദിനം ഭക്ഷണം നൽകിയിരുന്നത്. ഇപ്പോൾ അത് മൂവായിരത്തിലധികമായി. ലങ്കറിൽ സഹായത്തിന് രണ്ട് പാചകക്കാരെ കൂടി വിളിച്ചിട്ടുണ്ട്" -ദേശീയപാത 24ൽ ലങ്കർ നടത്തുന്ന ബി.കെ.യു അംഗം ദേശ്പാൽ സിങ് പറഞ്ഞു. തന്‍റെ സഹോദരന്മാരുടെ നേതൃത്വത്തിൽ 25,000 കുടിവെള്ള കാനുകളുമായി ദിവസവും അഞ്ച് ട്രാക്ടറുകൾ സമരഭൂമിയിലേക്ക് അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസഫർനഗറിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും പച്ചക്കറി ലോറികളും ലങ്കറുകളിലേക്ക് അയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.