കേന്ദ്രമന്ത്രിമാർക്ക് മൂന്ന് കുട്ടികൾ, ലക്ഷദ്വീപ് പഞ്ചായത്തംഗങ്ങൾക്ക് അത് പറ്റില്ലെന്നോ? -മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: പട്ടികവർഗത്തിൽ ഉൾപ്പെടുന്ന ലക്ഷദ്വീപിലെ തദ്ദേശീയ ജനതയുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. യാതൊരടിസ്ഥാനവുമില്ലാത്ത കാടൻ നിയമനിർമാണങ്ങളിലൂടെ ദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നത്. രണ്ടിൽ കൂടുതൽ മക്കളുള്ള ദ്വീപിലെ പഞ്ചായത്തംഗങ്ങളെ തൽസ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന കരട് നിയമം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ സാംഗത്യം ചോദ്യം ചെയ്യുകയാണ് തൃണമൂൽ എം.പി മഹുവ മൊയ്ത്ര.
'നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാർക്കെല്ലാം മൂന്ന് കുട്ടികൾ വീതമുണ്ട്. ഈ സാഹചര്യത്തിൽ, ലക്ഷദ്വീപിലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്ട്രേറ്റർ എങ്ങനെയാണ് അവതരിപ്പിക്കുന്നത്?'' -മഹുവ ട്വീറ്റിലൂടെ ചോദിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകൻ പങ്കജ് സിങ് യു.പി എം.എൽ.എയാണ്. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആൺമക്കളും ഒരുെപണ്ണും. പേര്: ധ്രുവ, അർജുൻ, മേധ. റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനുമായ നിതിൻ ഗഡ്കരിക്ക് നിഖിൽ, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്.
മെഹുവയുടെ ട്വീറ്റ് ദ്വീപ്വാസികളടക്കം ഏറ്റെടുത്തു. നിരവധി പേരാണ് ഇത് റിട്വീറ്റ് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തത്. അതിനിടെ, കൽപേനി ദ്വീപിൽ സ്വകാര്യവാഹനങ്ങൾക്ക് െപട്രോൾ നൽകുന്നത് നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. ഇതോടെ ബൈക്കുൾപ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറക്കാനാവാതെ കഷ്ടപ്പെടുകയാണ് ദ്വീപ് നിവാസികൾ. അത്യാവശ്യകാര്യങ്ങൾക്ക് സൈക്കിൾ മാത്രമാണ് ഇപ്പോൾ ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.