പോസ്റ്റർ വിവാദം: കാളി ദേവിയെക്കുറിച്ചുള്ള പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: കാളി ദേവിയെക്കുറിച്ചുള്ള പരാമർശം വിവാദമായതിനുപിന്നാലെ വിശദീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. താൻ ഒരിക്കലും ഒരു സിനിമയേയോ പോസ്റ്ററിനേയോ പിന്തുണച്ചിട്ടില്ലെന്നും പുകവലി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
'എല്ലാ സങ്കികളോടും, കള്ളം പറയുന്നത് നിങ്ങളെ നല്ല ഹിന്ദുവാക്കില്ല. ഞാനൊരിക്കലും ഒരു സിനിമയെയോ പോസ്റ്ററിനേയോ പിന്തുണച്ചിട്ടില്ല, പുകവലി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. കാളിക്ക് അർപ്പിക്കുന്ന ഭക്ഷണപാനീയങ്ങൾ എന്താണെന്ന് കാണാൻ താരാപീഠത്തിലെ എന്റെ മാ കാളിയെ സന്ദർശിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുകയാണ് ചെയ്ത്.'- മൊയ്ത്ര ട്വീറ്റ് ചെയ്തു.
ലീന മണിമേഖലയുടെ 'കാളി' ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. എന്നാൽ പരാമർശനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
അതിനിടെ മൊയ്ത്രയുടെ പരാമർശത്തെ തള്ളി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. 'കാളീ ദേവിയെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പ്രസ്താവനയും അതിനോടുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തിപരമാണ്. അത് ഒരുതരത്തിലും പാർട്ടിയുടേതല്ല. ഇത്തരം പ്രസ്താവനകളെ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു.'- പാർട്ടി ട്വീറ്റിൽ വ്യക്തമാക്കി.
ജൂലൈ രണ്ടിനാണ് മണിമേഖല പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോസ്റ്ററിൽ കാളിദേവിയെപോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചത്. പശ്ചാത്തലത്തിൽ എൽ.ജി.ബി.ടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. എന്നാൽ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചു എന്നാരോപിച്ച് പ്രതിഷേധമുയരുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തൽ, ഗൂഢാലോചന, സാമുദായിക സ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യു.പി പൊലീസും ഡൽഹി പൊലീസും മണിമേഖലക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.