'മുസൽമാൻ, മുല്ല, മദ്രസ, മുഗൾ, മട്ടൻ, മംഗൾസൂത്ര... 'മ' വെച്ച് മോദി എല്ലാം പറഞ്ഞു, മണിപ്പൂർ എന്ന് മാത്രം മിണ്ടിയില്ല'
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. 'മ' വെച്ച് ഒരുപാട് വാക്കുകൾ പറഞ്ഞ മോദി മണിപ്പൂർ എന്ന് മാത്രം മിണ്ടിയില്ലെന്ന് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ മഹുവ വിമർശിച്ചു.
'എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മണിപ്പൂർ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് 'വടക്കു കിഴക്ക്' എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മ' അക്ഷരത്തിൽ തുടങ്ങുന്ന ഒരുപാട് വാക്കുകൾ മോദി പറഞ്ഞിരുന്നു. മുസൽമാൻ, മുല്ല, മദ്രസ, മുഗൾ, മട്ടൻ, മഛ്ലി, മംഗൾസൂത്ര... എന്നാൽ ഒരിക്കൽ പോലും മണിപ്പൂർ എന്നൊരു വാക്ക് പറഞ്ഞില്ല' -മൊയ്ത്ര വിമർശിച്ചു. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്ന് പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ട് മൊയ്ത്ര പറഞ്ഞു.
ലോക്സഭയിൽ തന്നെ നിശ്ശബ്ദയാക്കാനാണ് കഴിഞ്ഞ തവണ ബി.ജെ.പി ശ്രമിച്ചതെന്ന് മൊയ്ത്ര പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിലൂടെ സീറ്റുകൾ കുറച്ചുകൊണ്ട് ജനം അവരെ നിശ്ശബ്ദരാക്കി പകരം വീട്ടി. കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ഭരണകക്ഷിയായ ബി.ജെ.പി വലിയ വില തന്നെ നൽകേണ്ടി വന്നു. എന്നെ നിശ്ശബ്ദയാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനം ബി.ജെ.പിയിലെ 63 എം.പിമാരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി. കേവലഭൂരിപക്ഷത്തിനായി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്ന ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്നും മഹുവ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.