'കുഴിക്കാനുള്ളവയുടെ പട്ടികയിൽ ഇത് ഇല്ലായെന്ന് കരുതട്ടെ'; ആണവ കേന്ദ്രത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് മെഹുവ മൊയ്ത്ര
text_fieldsവാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് ഉൾപ്പെടെ മുസ്ലിം ആരാധനാലയങ്ങൾ പിടിച്ചെടുക്കുക ലക്ഷ്യമിടുന്ന തീവ്ര ഹിന്ദുത്വവാദികൾക്കെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയ്ത്ര. മുംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്താണ് മൊയ്ത്രയുടെ വിമർശനം.
'അടുത്തതായി കുഴിക്കാനുള്ളവയുടെ പട്ടികയിൽ ഭാഭ ആണവ ഗവേഷണ കേന്ദ്രം ഇല്ലായെന്ന് പ്രതീക്ഷിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ശിവലിംഗത്തിന്‍റെ ഘടനയോട് സാദൃശ്യമുള്ളതാണ് ആണവ ഗവേഷണ കേന്ദ്രത്തിന്‍റെ ഘടന. ഇത് ചൂണ്ടിക്കാട്ടിയാണ് എം.പിയുടെ പരിഹാസം.
നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ഒരു സാധ്യതയുമില്ല, 'ഭക്തുകൾ ശാസ്ത്രത്തിൽ നിന്ന് ഏറെ അകലെയാണ്' എന്നൊരാൾ ട്വീറ്റു ചെയ്തു. 'ഒരു വഴിയുമില്ല, അത് നിർമിച്ചത് ഒരു മുസ്‌ലിമല്ല' എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. 'അവർക്ക് നിർദേശങ്ങളൊന്നും നൽകല്ലേ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഗ്യാൻവാപിയിലെ പള്ളിയിൽ സർവേ നടപടിക്കിടെ ശിവലിംഗം കണ്ടെത്തി എന്നാണ് ഹിന്ദു സേനയുടെ അവകാശവാദം. ഹിന്ദു സേന സമർപ്പിച്ച ഹർജിയെ തുടർന്ന് പ്രദേശം സീൽ ചെയ്തിരുന്നു. വുദു ചെയ്യാനുള്ള സ്ഥലത്തെ ജലധാരയാണ് ഇതെന്നാണ് മുസ്‌ലിംകൾ പറയുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സുപ്രീംകോടതി പള്ളിയിൽ മതപരമായ അനുഷ്ഠാനങ്ങൾക്കും നമസ്‌കാരത്തിനും വിലക്കേർപ്പെടുത്തരുതെന്ന് ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.